ന്യൂദൽഹി : നടപ്പു സാമ്പത്തിക വർഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലേക്ക് കുതിക്കുമെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ .ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ കയറ്റുമതി 20000 കോടി രൂപയില്‍ എത്തിക്കഴിഞ്ഞു. ‘ഇന്ത്യയെ പുതിയ ദശകത്തിലേക്ക് പരിവര്‍ത്തനം ചെയ്യല്‍’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് നിര്‍മ്മല സീതാരാമന്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടി പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അടുത്ത മൂന്നു മാസത്തില്‍ 4000 കോടിയുടെ സൈനിക ഉപകരണങ്ങള്‍ കൂടി കയറ്റുമതി ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് തന്നോട് പറഞ്ഞതായും ധനമന്ത്രി വെളിപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം ഒരു ലക്ഷം കോടി കവിഞ്ഞെന്നും നിര്‍മ്മല പറഞ്ഞു. ഇന്ത്യയുടെ സൈനിക കയറ്റുമതി കുതിക്കുകയാണ്. 2013-14 നും 2022-23 നും ഇടയിൽ, കയറ്റുമതി 23 മടങ്ങ് വർദ്ധിച്ചു . 686 കോടി രൂപയിൽ നിന്ന് 16,000 കോടി രൂപയായി അത് മാറി.
സൗഹൃദരാജ്യങ്ങളിലേക്ക് സൈനിക ഹാര്‍ഡ് വെയര്‍ കയറ്റുമതി എന്നത് മോദിയുടെ നയം
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഇന്ത്യ മൊത്തം 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് സൈനിക ഹാർഡ്‌വെയർ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന നയം മോദി സര്‍ക്കാരിന്‍റേതായിരുന്നു.
മിസൈലുകൾ, പീരങ്കികൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഓഫ്‌ഷോർ പട്രോൾ വെസലുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് എന്നിവ കയറ്റുമതി ചെയ്യുന്നു. ഇതില്‍ പ്രധാനം ബ്രഹ്മോസ് മിസൈലും ആകാശ് പ്രതിരോധ സംവിധാനവും ആണ്. ഏകദേശം 85 രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കുന്നു. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങളുമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. നിര്‍ദേശിക്കുന്ന ഗുണനിലവാരം പാലിച്ചുകൊണ്ടുള്ള നിര്‍മ്മാണമെങ്കില്‍ 10 വര്‍ഷത്തേക്ക് അവരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങുക എന്നതാണ് കേന്ദ്ര നയം.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഓസ്‌ട്രേലിയ, ജപ്പാൻ, ഇസ്രായേൽ, ബ്രസീൽ എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിലേക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 10 ഓളം രാജ്യങ്ങളിലേക്ക് വെടിമരുന്നും (5.56 എംഎം മുതൽ 155 എംഎം വരെ) കയറ്റുമതി ചെയ്യുന്നു. തായ്‌ലൻഡ്, മൗറീഷ്യസ്, സീഷെൽസ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്‍റർസെപ്റ്റർ ബോട്ടുകളും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ബ്രിട്ടന്‍, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കയറ്റി അയക്കുന്നുണ്ട്.
പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി കുറഞ്ഞു
അതേ സമയം ഇന്ത്യ ഇപ്പോള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമുള്ള പ്രതിരോധസാമഗ്രികള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇറക്കുമതി ചെയ്ത ആയുധങ്ങൾക്കും സംവിധാനങ്ങൾക്കുമുള്ള ചെലവ് 2018-19 ലെ മൊത്തത്തിലുള്ള ചെലവിന്റെ 46 ശതമാനത്തിൽ നിന്ന് 36.2 ശതമാനമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: