തിരുവനന്തപുരം: ശബരിമല യാത്രയ്‌ക്കിടെ വനത്തിനുള്ളില്‍ തീര്‍ത്ഥാടകനെ കാണാതായി. കണ്ണമൂല ചെന്നിലോട് അറപ്പുര ലെയ്‌നില്‍ തൊടിയില്‍ വീട്ടില്‍ അനില്‍കുമാര്‍ (42) നെയാണ് കാണാതായത്. പമ്പ പോലീസിലും ഫോറസ്റ്റ് ഓഫീസിലും പരാതിപ്പെട്ടിട്ടും കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ബന്ധുക്കള്‍.
എരുമേലി വഴിയുള്ള യാത്രയ്‌ക്കിടെ അഴുത പുതുശ്ശേരി വനത്തിനുള്ളിലെ ഇടത്താവളത്തില്‍ വച്ചാണ് ഇയാളെ കാണാതായത്. അനില്‍കുമാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് സംഘം ഇടത്താവളത്തിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒപ്പമുണ്ടായിരുന്നവര്‍ ഉറക്കമെണീറ്റപ്പോള്‍ അനില്‍കുമാറിനെ കാണാനില്ല. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
പുലര്‍ച്ചെ നാല് വരെ സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇതിനിടയില്‍ കൂടെയുണ്ടായിരുന്നവര്‍ ഉറങ്ങിയ സമയത്താണ് കാണാതായതെന്നാണ് വിവരം. ആറ് മണിയോടെ തുടര്‍ യാത്രയ്‌ക്ക് ഒരുങ്ങിയ സമയത്താണ് അനില്‍കുമാര്‍ ഒപ്പമില്ലെന്ന് അറിഞ്ഞതെന്നും പറയുന്നു. തുടര്‍ന്ന് സമീപത്തെ ഫോറസ്റ്റ് ഓഫീസിലും പമ്പ പോലീസ് കണ്‍ട്രോള്‍റൂമിലും വിവരം നല്‍കിയെങ്കിലും ധ്രുതഗതിയിലുള്ള അന്വേഷണമുണ്ടായില്ല. അനില്‍ കുമാറിനെ കണ്ടെത്തിയാല്‍ വിവരം അറിയിക്കാമെന്നാണ് ഇവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരമെന്ന് യാത്രാ സംഘം പറഞ്ഞു.
ഫോറസ്റ്റ് അധികൃതര്‍ ഈ സമയം കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഉചിതമായ നിലപാട് അധികൃതരില്‍ നിന്നും ഉണ്ടായില്ലായെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: