കൊല്ലം: പകലിരവുകള്‍ക്ക് കലയുടെ നിറച്ചാര്‍ത്ത് സമ്മാനിക്കുന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലത്ത് ഇന്ന് കൊടിയേറും. ആവേശം വാനോളമുയര്‍ത്തി കലോത്സവ ജേതാക്കള്‍ക്കുള്ള 117.5 പവന് സ്വര്‍ണക്കപ്പ് കൊല്ലത്തെത്തി.
കഴിഞ്ഞ തവണ കിരീടം നേടിയ കോഴിക്കോട്ടു നിന്ന് ഘോഷ യാത്രയായാണ് സ്വര്‍ണക്കപ്പ് എത്തിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ സ്വീകരിച്ചു. വൈകിട്ട് 4.30ന് കൊല്ലം കടപ്പാക്കട ജങ്ഷനിലെത്തി. തുടര്‍ന്ന് മഹാഘോഷയാത്രയായി നഗര പ്രദക്ഷിണം നടത്തി പ്രധാന വേദിയായ ആശ്രാമം മൈതാനത്തെത്തിയ സ്വര്‍ണക്കപ്പ് സംഘാടക സമിതി ചെയര്മാന് മന്ത്രി കെ.എന്‍. ബാലഗോപാലും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഏറ്റുവാങ്ങി.
ഇന്ന് രാവിലെ ഒന്‍പതിന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാന വേദിയില്‍ ഗോത്ര കലാവിഷ്കാരം ‘ദൃശ്യവിസ്മയം’. ഇതോടൊപ്പം ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്.
10ന് പ്രശസ്ത നടി ആശാ ശരത്തും സ്കൂള്‍ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കൊല്ലം മേയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രധാന വേദിയില്‍ എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം ആരംഭിക്കും. പതിനൊന്നിന് 24 വേദികളിലും മത്സരങ്ങള്‍ തുടങ്ങും. 239 ഇനങ്ങളില്‍ പതിന്നാലായിരത്തോളം മത്സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: