ഭോപാല്‍: ഭാരതത്തിന്റെ പ്രൊജക്ട് ചീറ്റയ്ക്ക് ഉണര്‍വേകി കുനോയില്‍ നിന്ന് ശുഭവാര്‍ത്ത. നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ആഷ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കുനോ നാഷണല്‍ പാര്‍ക്ക് മൂന്ന് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തെന്ന വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. നമീബിയന്‍ ചീറ്റ ആഷയിലാണ് കുഞ്ഞുങ്ങള്‍ പിറന്നത്. അദ്ദേഹം എക്സില്‍ കുറിച്ചു. നരേന്ദ്ര മോദിയാണ് ചീറ്റ പ്രൊജക്ട് വിഭാവനം ചെയ്തത്. കുനോയിലെ ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള വന്യജീവി സ്നേഹികള്‍ എന്നിവരുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ജ്വാല എന്ന ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് മാത്രമാണിപ്പോള്‍ ജീവനോടെയുള്ളത്. നമീബിയയില്‍ നിന്നെത്തിച്ച പവന് എന്ന ആണ്ചീറ്റയെ കഴിഞ്ഞാഴ്ച വനമേഖലയിലേക്ക് തുറന്നുവിട്ടതായി കുനോയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 20 ചീറ്റകളെയാണ് കുനോയിലെത്തിച്ചത്. 15 ചീറ്റകളും നാല് കുഞ്ഞുങ്ങളുമാണിപ്പോള് ഇവിടെയുള്ളത്. ആറ് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ ചത്തുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: