ഇന്നുമുതല്‍ അഞ്ചുനാളുകള്‍ കേരളം കലോത്സവത്തിനു പിന്നാലെയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്താണ് അരങ്ങേറുന്നതെങ്കിലും കേരളം മുഴുവന്‍ ശ്രദ്ധിക്കുന്ന മഹാമേളയാണിന്നത്. അഞ്ചുനാള്‍ മലയാളി സ്‌കൂള്‍ കലോത്സവത്തിന്റെ ലഹരിയില്‍ നിറയും. കൗമാരത്തിന്റെ കലാ കഴിവുകള്‍ക്ക് ചിറകുവയ്‌ക്കുന്ന കാലം. പത്ര,ദൃശ്യമാധ്യമങ്ങള്‍ വിവാദങ്ങളില്‍ നിന്നകന്ന് കുറേ നേരത്തേക്കെങ്കിലും കൗമാരകലയ്‌ക്കൊപ്പം ചേരും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായി മാറിയ സ്‌കൂള്‍ കലോത്സവം ഓരോ മലയാളിയുടെയും ജീവിതത്തോട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്‌ക്കുന്നിടം എന്നതിനപ്പുറം കേരളത്തിന്റെയാകെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ വേദിയാകുകയാണ് ഓരോ യുവജനോത്സവവും. ചിലര്‍ അതിനെ തങ്ങളുടെ സംസ്‌കാരത്തിനും ശൈലിക്കും വശംവദമാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും കലോത്സവത്തിന്റെ ആകെത്തുക കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിനുതകുന്നതാണെന്നതില്‍ സംശയമില്ല.
1957ലാണ് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചത്. കേവലം 400ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ആദ്യ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. വര്‍ണ്ണാഭമായ ചടങ്ങുകളോ അലങ്കാരപ്പന്തലുകളോ ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരകളോ ഒന്നും അന്നും അതിനടുത്തുള്ള വര്‍ഷങ്ങളിലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു കലോത്സവത്തിന്റെ നടത്തിപ്പ് ചുമതല. ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് അന്ന് നടന്നത്. ആദ്യ കലോത്സവത്തില്‍ നിന്ന് ഇപ്പോള്‍ കൊല്ലത്ത് കലോത്സവത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ മാറിപ്പോയി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ കാലത്തിനനുസരിച്ചുള്ള ആ മാറ്റം അനിവാര്യമാണ്. അതെത്രത്തോളം ഗുണവും ദോഷവുമുണ്ടാക്കിയെന്നതുമാത്രമാണ് വിശകലന വിധേയമാക്കേണ്ടത്.
പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ആദ്യ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ജി.എസ്.വെങ്കിടേശ്വരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ്മ തമ്പുരാന്‍, ഗണേശഅയ്യര്‍ എന്നിവരായിരുന്നു ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതിയിലുണ്ടായിരുന്നത്. വെങ്കടേശ്വരന്‍ അന്ന് ദല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കേരളത്തിലെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. 1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടി.എം.ജേക്കബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്‍.വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായിമാറി ഇരുവരും.
400 വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മേളയായി കലോത്സവം വളര്‍ന്നു. ഇരുന്നൂറില്‍ പരം ഇനങ്ങളില്‍ കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. കഴിഞ്ഞുപോയ സ്‌കൂള്‍ കലോത്സവങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്നാരെങ്കിലും ചോദിച്ചാല്‍ ദോഷത്തേക്കാളേറെ ഗുണം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാകും ഉത്തരം. കുട്ടികള്‍ക്ക് കലാകഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരിടമെന്നോ, അതിന്റെ പേരില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്കു കൊണ്ടുണ്ടാകുന്ന ഗുണമോ, അതൊന്നുമല്ല മുഖ്യം. ഇത്രയധികം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണസംവിധാനവുമെല്ലാം വലിയൊരു സാംസ്‌കാരിക മുന്നേറ്റത്തിനായി ഒത്തു ചേരുന്നുവെന്നതുതന്നെയാണ് പ്രധാനമായി കാണേണ്ടത്.
കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ അനാരോഗ്യകരമായ മത്സര ബുദ്ധി വളരുന്നുണ്ടെന്നത് കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ്. കലോത്സവത്തിന്റെ ന്യൂനതയായി ചിലരെങ്കിലും ഇതുയര്‍ത്തിക്കാട്ടുന്നുമുണ്ട്. തങ്ങളുടെ മക്കളെ സിനിമയിലോ സീരിയലിലോ നടനോ നടിയോ ആക്കിയേക്കാമെന്ന ചില മാതാപിതാക്കളുടെ അടങ്ങാത്ത ആഗ്രഹസാഫല്യത്തിനായി കലോത്സവ വേദിയിലെത്തുന്ന കുട്ടികളുണ്ട്. ഇത്തരക്കാര്‍ ചില ‘കലാപരിപാടികള്‍’ വക്കും മൂലയും മനപ്പാഠമാക്കി സ്റ്റേജിലെത്തുകയും സമ്മാനം നേടുകയും ചെയ്യുന്നു. വിധികര്‍ത്താക്കളെ സ്വാധീനിച്ചും കോടതിയില്‍ കേസുനടത്തിയും സമ്മാനം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന അപ്പീല്‍ പ്രളയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്. കലോത്സവവേദികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഗുണകരമായ മത്സരമല്ലെന്നത് അതിനെ നിരീക്ഷിക്കുന്ന ചിലരെങ്കിലും പറയുന്നത് തള്ളിക്കളയാന്‍ കഴിയാത്തത് അതിനാലാണ്. അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 2006 മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയത്.
മലയാളത്തിലെ ചില സിനിമാതാരങ്ങളും യേശുദാസും ജയചന്ദ്രനുമടക്കമുള്ള പാട്ടുകാരും യുവജനോത്സവങ്ങളുടെ കൂടി സംഭാവനയാണ്. എന്നാല്‍ അവരുടെ കാലത്ത് മത്സരങ്ങള്‍ ആരോഗ്യകരമായിരുന്നു എന്ന് തിരിച്ചറിയണം. യേശുദാസിന്റെ കച്ചേരിക്ക് മൃദംഗം കൊട്ടിയത് ജയചന്ദ്രനായിരുന്നു. കലോത്സവത്തിലെ അനഭിലഷണീയമായ മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ് മുമ്പുണ്ടായിരുന്ന കലാതിലകവും പ്രതിഭയുമൊക്കെ നിര്‍ത്തലാക്കി ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ അതുകൊണ്ടൊന്നും രക്ഷിതാക്കളുടെ മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
കലോത്സവത്തെ തികച്ചും കലയുടെ ഉത്സവമാക്കി മാറ്റുകയാണുവേണ്ടത്. അങ്ങനെയൊക്കെയായിരുന്നു അതു സംഘടിപ്പിക്കപ്പെട്ടിരുന്നതും. എന്നാല്‍ അടുത്ത കാലങ്ങളില്‍ അതിനും മാറ്റമുണ്ടായി. കഴിഞ്ഞ കലോത്സവത്തിലടക്കം വിവാദമുണ്ടായി. ഭക്ഷണത്തിന്റെ പേരിലായിരുന്നു അനാവശ്യവിവാദം. വേദികളെ പ്രീണനത്തിനുപയോഗിക്കുന്നവരുടെ കറുത്തമനസ്സും വെളിപ്പെട്ടു. ഇത്തവണയെങ്കിലും വിവാദങ്ങളെ അരങ്ങിനു പുറത്തുനിര്‍ത്താം. കുട്ടികള്‍ ആടിയും പാടിയും തിമിര്‍ക്കട്ടെ. നിറതിരി തെളിയിച്ച, കെടാത്ത നിലവിളക്കിനു മുന്നില്‍ വരുന്ന അഞ്ചുനാളുകളില്‍ കുഞ്ഞുങ്ങള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കട്ടെ. സന്തോഷത്തോടെ നമുക്കതാസ്വദിക്കാം. അത്തരമൊരു നിലവിളക്കിന്റെ പ്രകാശത്തെ ഭയപ്പെടുന്നവര്‍ ഒന്നാകെ വേദികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: