കവറത്തി :ലക്ഷദ്വീപിന്റെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കവറത്തി ദ്വീപില്‍ 1156 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
ലക്ഷദ്വീപിനെ അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലക്ഷദ്വീപില്‍ ജി-20 മീറ്റിംഗുകളിലൊന്ന് സംഘടിപ്പിച്ചത് പ്രദേശത്തെ ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്താന്‍ സഹായിച്ചതായും നരേന്ദ്രമോദി പറഞ്ഞു.
ആഗോള കടല്‍ വിഭവ വിപണിയില്‍ രാജ്യത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനുള്ള വഴികളിലാണ് ഇന്ത്യ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത്തരം ശ്രമങ്ങളില്‍ നിന്ന് ലക്ഷദ്വീപിന് വലിയ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ലക്ഷദ്വീപില്‍ കടല്‍പായല്‍ കൃഷിയുടെ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി-ലക്ഷദ്വീപ് കടലിനടിയിലൂടെയുളള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതി, കടമത്ത് കടല്‍വെളള ശുദ്ധീകരണപ്ലാന്റ്, കുടിവെള്ള വിതരണ പദ്ധതി, ബാറ്ററി പിന്തുണയുള്ള സൗരോര്‍ജ്ജ പദ്ധതി എന്നിവ ചടങ്ങില്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, സൈക്കിളുകള്‍ എന്നിവയും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, എംപി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: