(നാമകരണ സംസ്കാരം തുടര്‍ച്ച)
മധുപ്രാശനം ശിക്ഷണവും പ്രേരണയും:
ഈ വിധാനത്തില്‍, നിര്‍ദ്ദിഷ്ട ഉപകരണം കൊണ്ട് കുട്ടിയെ തേന്‍ ഊട്ടുകയാണ് ചെയ്യുന്നത്. നാവില്‍ തേന്‍ തൊട്ട് കൊടുക്കുന്ന ഈ സംസ്കാരകര്‍മ്മത്തില്‍ മധുരവചനം ചൊല്ലുക എന്ന ശിക്ഷണമാണ് അടങ്ങിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മാന്യത പ്രകടമാകുന്നത്, അയാളുടെ വാണിയിലൂടെയാണ്. മാധുര്യമുള്ളതും നമ്രതാപൂര്‍ണവും പ്രിയകരവും ശിഷ്ടതാപൂര്‍ണവുമായ വചനങ്ങളിലൂടെയാണ് ആളിന്റെ സഭ്യത മനസ്സിലാക്കപ്പെടുന്നത്. ഈ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ സ്നേഹാദരങ്ങളും സഹകരണവും നേടാനാവുന്നത്. മധുരഭാഷണം തന്നെയാണ് വശീകരണമന്ത്രം. നിറം ഒന്നായിട്ടും കുയിലിനെ പ്രശംസിക്കുകയും കാക്കയെ നിന്ദിക്കുകയും ചെയ്യുന്നത് അവയുടെ സ്വരത്തിലുള്ള വ്യത്യാസം കൊണ്ടാണ്. വെള്ളി വെളുത്തതാണ്, ശുഭ്രമാണ്. അതിനെ പവിത്രതയുടേയും നിര്‍വികാരത്വത്തിന്റെയും പ്രതീകമായി കരുതുന്നു. പവിത്രതയുടെയും നിര്‍വികാരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള മാധുര്യം വാണിയില്‍ ഉണ്ടായിരിക്കട്ടെ, സ്വാര്‍ത്ഥമതികളെയും ധൂര്‍ത്തന്മാരേയുംപോലെ ആവാതിരിക്കട്ടെ. ഇതിനുവേണ്ടി വെള്ളി പ്രതീകമായി ഉപയോഗിക്കുന്നു.
ക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുന്നതോടെ നിര്‍ദ്ദിഷ്ട ഉപകരണം (സ്പൂണോ വെള്ളിമോതിരമോ) കൊണ്ട് സ്വല്പം തേനെടുത്ത് കുട്ടിയുടെ നാവില്‍ തേയ്ക്കുക. വീട്ടിലെ ഏതെങ്കിലും വന്ദ്യവ്യക്തിയോ സന്നിഹിതരായ ആളുകളില്‍വെച്ച് ഏതെങ്കിലും സ്വഭാവനിഷ്ഠയുള്ളതും മാന്യനുമായ വ്യക്തിയോ മുഖേനയും ഈ കാര്യം ചെയ്യിക്കാവുന്നതാണ്. സന്നിഹിതരായ സകല ജനങ്ങളുടേയും ഭാവസംയോഗംമൂലം കുട്ടിയുടെ നാവില്‍ ശുഭപ്രദവും പ്രിയകരവും മംഗളകരവും ക്ഷേമപ്രദവുമായ വാണിയുടെ സംസ്കാരം സ്ഥാപിക്കപ്പെടുകയാണെന്നു സങ്കല്പിക്കുക.
ഓം പ്രതേ ദദാമി മധുനോ
ഘൃതസ്യ, വേദം സവിത്രാ
പ്രസൂതം മഘോനാം
ആയുഷ്മാന്‍ ഗുപ്തോ ദേവതാഭിഃ,
ശതം ജീവ ശരദോ ലോകേ അസ്മിന്
സൂര്യനമസ്കാരം
സൂര്യന് ചലനാത്മകത്വത്തിന്റെയും തേജസ്സിന്റെയും പ്രകാശത്തിന്റെയും ഊഷ്മളതയുടേയും പ്രതീകമാണ്. അതിന്റെ കിരണങ്ങളാണ് ഈ ലോകത്തില്‍ ജീവിതം ചലിപ്പിക്കുന്നത്. കുട്ടിയിലും ഈ ഗുണങ്ങള്‍ വളരണം. സൂര്യന് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അതിനു വിശ്രമിക്കാനായി ഒഴിവില്ല. ഒരു നിമിഷംപോലും തന്റെ കര്‍ത്തവ്യത്തോടു വൈമുഖ്യം കാട്ടുന്നില്ല. ധൃതികൂട്ടുകയോ അക്ഷമ കാട്ടുകയോ ചെയ്യുന്നില്ല. ക്ഷീണിച്ചുള്ള തളര്‍ച്ചയോ ഉദാസീനതയോ ഉപേക്ഷയോ കാട്ടുന്നുമില്ല. നിര്‍ദ്ദിഷ്ട കര്‍ത്തവ്യം പൂര്‍ണ്ണദൃഢതയോടും ഏകാഗ്രതയോടും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതു തന്നെയായിരിക്കണം മനുഷ്യന്റെയും ക്രിയാപദ്ധതി. യാതൊരു കാര്യം തീരുമാനിച്ചുവോ, യാതൊരു പരിപാടി സ്വീകരിച്ചുവോ അതില്‍ ശൈഥില്യം കാട്ടുകയോ ക്ഷമയില്ലാതെ ധൃതിയും സാഹസവും കാട്ടുകയോ ചെയ്യരുത്. ക്ഷമയോടും സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടും കൂടെ നിരന്തരം മുമ്പോട്ടു ഗമിച്ചുകൊണ്ടിരിക്കണം. കുട്ടിക്ക് തന്റെ ഭാവിജീവിതത്തില്‍ അലസത, ശൈഥില്യം, ചിട്ടയില്ലായ്മ എന്നിവ ഭവിക്കരുതെന്ന പ്രേരണയും സൂര്യദര്‍ശനത്തോടൊപ്പം നല്കപ്പെടുന്നു. ചിട്ടയും ഉത്സാഹവും അദ്ധ്വാനവും മുഖേനയേ കാര്യമായ എന്തെങ്കിലും ചെയ്യാനാവൂ. അതിനാല്‍ കുട്ടി സൂര്യനെ ദര്‍ശിക്കുകയും അതിന്റെ ഗുണങ്ങളെ ഗ്രഹിക്കുകയും ചെയ്യട്ടെ. രക്ഷകര്‍ത്താക്കള്‍ കുട്ടിയുടെ ബുദ്ധിപരമായ വികസനത്തിനുവേണ്ടി ഉത്തമമായ പ്രേരണകളും സ്ഥിതികളും നല്കിക്കൊണ്ടിരിക്കണം.
ക്രിയയും ഭാവനയും:
സൂര്യനെ കാണാന്‍കഴിയുമെങ്കില്‍ മാതാവ് കുട്ടിയെ എടുത്തുകൊണ്ട് വെളിയില്‍പോയി സൂര്യദര്‍ശനം ചെയ്യിക്കുക. സൂര്യനെ നമസ്കരിക്കുക. എന്തെങ്കിലും കാരണവശാല്‍ സംസ്കാരസമയത്തു സൂര്യനെ കാണാന്‍ സാധിക്കുകയില്ലെങ്കില്‍ അതിനെ ധ്യാനിച്ചുകൊണ്ട് നമസ്കരിക്കുക. മാതാവ് തന്റെ സ്നേഹത്തിന്റെ പ്രഭാവത്താല്‍ കുട്ടിയില്‍ തേജസ്സിനോടു ആകര്‍ഷണം ഉളവാക്കുകയാണെന്നും കുട്ടിയില്‍ തേജോമയമായ ജീവിതത്തോട് സ്വാഭാവികമായ പ്രതിപത്തി ഉളവാകുകയാണെന്നും സങ്കല്പിക്കുക. എല്ലാവരും ചേര്‍ന്ന് ഇത് സുദൃഢമാക്കുകയും പോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക.
ഓം തച്ചക്ഷുര്‍ദ്ദേവഹിതം
പുരസ്താച്ഛുക്രമുച്ചരത്.
പശ്യേമ ശരദഃ ശതം
ജീവേമ ശരദഃ ശതം
ശ്രുണുയാമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമദീനാഃ
സ്യാമ ശരദഃ ശതം
ഭൂയശ്ച ശരദഃ ശതാത്
‘ഗായത്രീ പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: