ന്യൂദല്‍ഹി: ട്രക്ക് സമരത്തില്‍ നുഴഞ്ഞുകയറി ആളാവാനുള്ള സമരജീവികളായ രാഹുല്‍ഗാന്ധിയുടെയും കര്‍ഷകസമരനേതാവ് രാകേഷ് ടികായത്തിന്‍റയും ശ്രമം പൊളിഞ്ഞു. പ്രിയങ്കാ ഗാന്ധിയും സജീവമായി സമരത്തിലേക്ക് എടുത്തുചാടാനായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര‍്ക്കാര്‍ അതിവിദഗ്ധമായി സമരം ഒത്തുതീര്‍പ്പാക്കിയതോടെ ഇവരെല്ലാം പരിഹാസ്യരായി. (സമരം ചെയ്യുന്നതില്‍ മാത്രം താല്‍പര്യമുള്ള കുറെപ്പേരുണ്ടെന്നും അവരെ ആന്ദോളന്‍ ജീവികള്‍ (സമരജീവികള്‍) എന്ന് വിളിക്കാമെന്നും പ്രധാനമന്ത്രി മോദിയാണ് കര്‍ഷകസമരക്കാലത്ത് പ്രസംഗിച്ചത്. വര്‍ഷങ്ങളോളം സമരം ചെയ്യാന്‍ മടിയില്ലാത്തവരാണ് ഈ സമരജീവികള്‍. )
സമരം ഒത്തുതീര്‍പ്പായതോടെ രാജസ്ഥാനില്‍ ട്രക്കുകളും ബസുകളും സര്‍വ്വീസ് പുനരാരംഭിച്ചു. പഴം, പച്ചക്കറികള്‍ എന്നിവയുടെ വിതരണം സുഗമമായി. എഐഎംടിസി (ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ്) എന്ന സംഘടനയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഈ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അജയ് ബല്ല സമരക്കാരുമായി ഉറപ്പ് നല്‍കിയതോടെ സമരം പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. സമരം പിന്‍വലിച്ചതായും എല്ലാ ഡ്രൈവര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും എഐഎംടിസി (ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ്) ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
വാഹനാപകടത്തില്‍ മരണം സംഭവിക്കുകയും ഇതറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താല്‍ (hit-and-run incidents) ഡ്രൈവര്‍ക്ക് പത്തു വര്‍ഷം വരെ തടവുശിക്ഷയും 7 ലക്ഷം രൂപ പിഴയും നല്‍കുന്ന നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആയിരുന്നു ട്രക്ക് ഡ്രൈവര്‍മാര്‍ സമരം നടത്തിയത്. മുൻപ് 2 വർഷത്തെ തടവ് ശിക്ഷ മാത്രമായിരുന്നു നല്‍കിയിരുന്നത്. .കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന ഭാരതീയ ന്യായ സംഹിത നിയമത്തിലാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്.
ഡ്രൈവര്‍മാര്‍ മനഃപൂര്‍വം അപകടമുണ്ടാക്കുന്നതല്ല എന്നാണ് ഡ്രൈവർമാരുടെ വാദം.മഹാരാഷ്‌ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ട്രക്ക് ഡ്രൈവർമാർ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇന്ധന ടാങ്കറുകളും പണിമുടക്കിയതിനാല്‍ പല ഭാഗങ്ങളിലും ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയം സമരജീവികള്‍ക്ക് വലിയ ആഘാതമായിരുന്നു. മോദിയ്‌ക്കെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഏതെങ്കിലും ഒരു സമരത്തിലേക്ക് എടുത്താചാടാന്‍ സമരം ജീവികള്‍ അവസരം പാര്‍ത്ത് കഴിയുന്നതിനിടയിലാണ് ട്രക്ക് ഡ്രൈവര്‍മാരുടെ സമരം വീണുകിട്ടിയത്. മുതലെടുക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നതിന് മുന്‍പേ ഒത്തുതീര്‍ന്നതോടെ ഇവര്‍ നിരാശരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: