കൊൽക്കത്ത: കാഴ്ചപരിമിതർക്കുള്ള രാമകൃഷണമിഷൻ അക്കാദമിയിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബസമേതം ഉച്ചഭക്ഷണം, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ബംഗാൾ മുഖ്യമന്ത്രി എന്നിവരടക്കം അനവധി പ്രമുഖരുടെ അഭിനന്ദനം. നാടെമ്പാടുംനിന്ന് സുഹൃത്തുക്കളുടെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും മുൻ സഹപ്രവർത്തകരുടെയും ആശംസകൾ. പശ്ചിമബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ് എഴുപത്തിമൂന്നാം വയസ്സിലേക്ക് കടക്കുകയാണ്. പശ്ചിമബംഗാളിൽ ഗവർണർ പദവിയിലെത്തിയശേഷമുള്ള രണ്ടാം പിറന്നാളാഘോഷം ലളിതമെങ്കിലും അവിസ്മരണീയമായി.
ആനന്ദബോസിന്റെ നൂതനമായ ആശയങ്ങളെയും പ്രവർത്തനശൈലിയെയും സഹായമനോഭാവത്തെയും അകമഴിഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ഫോണിൽ ആനന്ദബോസിന് ജന്മദിനാശംസകൾ നേർന്നത്.
ഗവർണർ എന്ന നിലയിൽ ഭരണഘടനാമൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള ആനന്ദബോസിന്റെ പ്രവർത്തനശൈലിയെയും ദീർഘകാലത്തെ പൊതുജനസേവനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസാസന്ദേശത്തിൽ അഭിനന്ദിച്ചു. “പൊതുജീവിതത്തിലെ താങ്കളുടെ വിപുലമായ അനുഭവം രാജ്യത്തിന് വലിയ മുതൽക്കൂട്ടാണ്. പൊതുജനക്ഷേമത്തിനും രാഷ്‌ട്രസേവനത്തിനും വേണ്ടി സമർപ്പണബോധത്തോടെ താങ്കൾ രൂപം നൽകിയ സംരംഭങ്ങൾ നിശ്ചയമായും ജനങ്ങളുടെ ഉന്നമനത്തിന് സഹായകമാവും. താങ്കളുടെ മാർഗനിർദേശത്തിൻ കീഴിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുന്നത് തുടരട്ടെ”- പിറന്നാൾ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും ഫോണിൽ ആനന്ദബോസിന് ജന്മദിനാശംസകൾ നേർന്നു.
1977 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ചീഫ്സെക്രട്ടറിയുമായ ആനന്ദബോസ് ഒരു വര്ഷം മുൻപാണ് പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായത്. കൊൽക്കത്തയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സിവിൽ സർവീസിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ അനേകം ഉന്നത പദവികൾ വഹിച്ചു. നിരവധി മാതൃകാ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും രൂപം നൽകി. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: