തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശ്ശൂരില്‍. മോദിയെ സ്വീകരിക്കാനൊരുങ്ങി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. വനിതാ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നയങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഇന്നു സ്ത്രീശക്തി സംഗമത്തെ അഭിസംബോധന ചെയ്യും. രണ്ടു ലക്ഷത്തിലേറെ വനിതകള്‍ മോദിയെ കാണാനെത്തും.
വനിതാ സംവരണ ബില്ലും മുത്തലാഖ് നിരോധനവും നടപ്പാക്കിയ പ്രധാനമന്ത്രിക്ക് കേരള സ്ത്രീസമൂഹം ആദരവര്‍പ്പിക്കുന്ന സമ്മേളനം കൂടിയാകും സ്ത്രീശക്തി സംഗമം.
വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനത്താണ് നരേന്ദ്ര മോദിക്ക് വേദിയൊരുങ്ങുന്നത്. സമ്മേളന നഗരിയില്‍ സ്ത്രീകള്‍ക്കു മാത്രമാകും പ്രവേശനം. നഗരത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയുമുണ്ട്.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിയോടെ വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം തൃശ്ശൂരിലേക്കു തിരിക്കും. സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിക്കു സമീപം പൗരാവലി മോദിയെ സ്വീകരിക്കും.
തുടര്‍ന്ന് ഒരു കിലോമീറ്ററോളം റോഡ്ഷോയായി സമ്മേളന നഗരിയിലെത്തും. നായ്ക്കനാല്‍ കവാടം വഴിയാണ് പ്രധാനമന്ത്രി വേദിയില്‍ പ്രവേശിക്കുക. മൂന്നു മണിക്ക് സ്ത്രീശക്തി സംഗമത്തിനു തുടക്കമാകും. എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കള്‍ക്കു പുറമേ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരമൊരുങ്ങി. ഹരിത കുങ്കുമ പതാകകളാണെങ്ങും. മോദിക്കു സ്വാഗതമോതുന്ന ബോര്‍ഡുകളും ബാനറുകളും പാതകള്‍ക്കിരുവശവും നിറഞ്ഞു. കേന്ദ്ര സുരക്ഷാ സേനയും കേരള പോലീസും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: