തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പോലീസ് ബന്തവസ് ക്രമീകരണങ്ങള്‍ സജ്ജമായി. സംസ്ഥാന പോലീസിന്റെ ക്രമസമാധാന പാലന ചുമതലയുളള എഡിജിപി എം. ആര്‍. അജിത് കുമാര്‍, ഉത്തര മേഖല ഐജി കെ. സേതുരാമന്‍, തൃശൂര്‍ മേഖല ഡിഐജി എസ്. അജീതാ ബീഗം ഉള്‍പെടെയുളള മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചിട്ടുളളത്. സ്വരാജ് റൗണ്ട്, ആശുപത്രി ജംങ്ഷനില്‍ നിന്നും തുടങ്ങി നായ്‌ക്കനാല്‍ വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
നിയന്ത്രണം ഇങ്ങനെ
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കാണാനെത്തുന്നവര്‍ക്കും സ്‌ഫോടകവസ്തു പരിശോധന പൂര്‍ത്തിയാക്കി മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ സദസിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മൈതാനത്തേക്ക് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം. ആയിരത്തോളം വനിത പോലീസുദ്യോഗസ്ഥരെയാണ് വേദിയുടേയും സദസ്സിന്റേയും സുരക്ഷക്കായി വിന്യസിച്ചിട്ടുളളത്.
ബാഗ്, കുപ്പിവെളളം, കുട തുടങ്ങിയവ അനുവദിക്കുകയില്ല. മൊബൈല്‍ ഫോണ്‍ കൈവശം കരുതാവുന്നതാണ്.
നഗരത്തില്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം. അഞ്ഞുറിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് ട്രാഫിക് ഡ്യൂട്ടികള്‍ക്കുവേണ്ടി മാത്രം വിന്യസിച്ചിട്ടുള്ളത്.
സ്വരാജ് റൗണ്ടിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന എല്ലാ ഉയര്‍ന്ന കെട്ടിടങ്ങളിലും പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വേദി, ബാരിക്കേഡ് തുടങ്ങി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുളള ഇതര സംസ്ഥാന തൊഴിലാളികളടക്കമുളളവരെ കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി.
പ്രധാന വേദിയായ നായ്‌ക്കനാല്‍ പ്രദേശവും, വടക്കുന്നാഥ ക്ഷേത്ര മൈതാനവും ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സ്‌ഫോടക വസ്തു പരിശോധന പൂര്‍ത്തിയാക്കി. മുഴുവന്‍ സമയം ജാഗ്രത പാലിക്കുന്നതിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: