തൃശൂര്‍: നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തിനും നടുവിലാലിനും മധ്യേ പാണ്ടിമേള പെരുമഴയുതിര്ത്ത് കിഴക്കൂട്ട് അനിയന് മാരാരും സംഘവും.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശിവപേരൂരില് പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചാണ് ബിജെപി കള്‍ച്ചറല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ സായം സന്ധ്യയില്‍ 101 പേര് അണിനിരന്ന മേളപ്പെരുക്കം തീര്‍ത്തത്. ചെമ്പടയുടെ അകമ്പടിയില്ലാതെ നേരിട്ട് പാണ്ടി കൊലുമ്പലോടെയാണ് മേളം ആരംഭിച്ചത്. പതികാലവും തുറന്നുപിടിച്ച കാലവും തകര്തകര്ത കാലവും മുട്ടില്കയറിയ കാലവും പിന്നിട്ട് ഏഴക്ഷരത്തിലുള്ള അന്ത്യഘട്ടത്തിലേക്കെത്തിയപ്പോഴേക്കും ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. പൂരങ്ങളുടെ പൂരമായ ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരന് കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിലായിരുന്നു മേളം.
അനിയന്‍മാരാരെ കൂടാതെ ഉരുട്ടുചെണ്ടയില്‍ ചേറൂര് രാജപ്പന് മാരാര്‍, പരിയാരത്ത് രാജന്‍മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്, കൊടകര ഉണ്ണി, കിഴക്കൂട്ട് മനോജ്, കീനൂര്‍ സുബീഷ്, കൊടകര വിജില്‍ എന്നിങ്ങനെ 15 ഉരുട്ടുചെണ്ടക്കാര്ക്കുമുമ്പിലായി കൊടകര അനൂപിന്റെ നേതൃത്വത്തില്‍ കീനൂര്‍ അഭിലാഷ്, ഹിമേഷ് കോടാലി എന്നിങ്ങനെ 15 കുറുംകുഴല്കാരുണ്ടായിരുന്നു. മച്ചാട് പത്മകുമാര്‍, കീനൂര്‍ കിരണ്‍ എന്നിവര്‍ കൊമ്പുവാദ്യനിരയ്ക്കു നേതൃത്വം നല്കി.
കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, പോറാത്ത് ഉണ്ണിമാരാര്‍, കൊടകര അനീഷ് എന്നിങ്ങനെ 30 ഓളം വലംതലയും കീനൂര്‍ മണി, കൊടകര അഭിജിത്ത്, മനുഷ് പാലാഴി എന്നിങ്ങനെ 25 ഓളം ഇലത്താളവും നടുവിലാല്‍ മേളത്തിന് നാദവിസ്മയമൊരുക്കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡോ.രാധാമോഹന്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, അഡ്വ. ബി.ഗോപാലകൃഷ്ണന്, ദേവന്, അഡ്വ.കെ.കെ.അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കൂട്ട് അനിയന് മാരാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മേളകലാകാരന്മാരേയും പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: