അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം വെറുമൊരു മതപരമായ ചടങ്ങല്ല. ഭാരതത്തിന്റെ സ്വത്വാവിഷ്‌ക്കരണത്തിന്റെ പ്രതീകമാണ്. വിദേശമുസ്ലീം ആക്രമണകാരികള്‍ ക്ഷേത്രം തകര്‍ത്തത് സ്വത്തു കൊള്ളയടിക്കാനായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ വിഗ്രഹങ്ങള്‍ തകര്‍ക്കേണ്ട കാര്യമുണ്ടായിരുന്നോ? ലക്ഷ്യം ഭാരതത്തിന്റെ ആത്മാവിനെ നശിപ്പിക്കുക എന്നതായിരുന്നു. ഭാരതസംസ്‌ക്കാരത്തിന്റെ അടിത്തറ ആത്മീയതയാണ്. ആത്മീയതയുടെ പ്രയോഗമാണ് ധര്‍മ്മം. ധര്‍മ്മത്തിന്റെ ആള്‍രൂപമായിരുന്നല്ലോ ശ്രീരാമന്‍. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്ന പ്രയോഗം അന്നുമുതലുള്ളതാണ്.
ഭാരതം മുന്നോട്ടുവച്ച ധര്‍മ്മസങ്കല്‍പ്പം നിലനിന്നാല്‍ വര്‍ഗീയവാദികളുടെ മതരാജ്യ സ്വപ്‌നത്തിന് പ്രസക്തിയില്ലാതാകും. കാരണം, മതം അഭിപ്രായവ്യത്യാസങ്ങളുടെ മേഖലയാണ്. എന്നും തര്‍ക്കവും വഴക്കും മാത്രമായിരിക്കും നിലനില്‍ക്കുക. സമാധാനം എന്നത് അപ്രത്യക്ഷമാകും. ആത്മീയതയ്‌ക്ക് സ്ഥാനമുണ്ടായിരിക്കില്ല. കലഹവും കലാപവും ഒഴിഞ്ഞ പ്രദേശങ്ങളോ സമൂഹങ്ങളോ ഉണ്ടായിരിക്കില്ല. വര്‍ത്തമാനകാലലോകം ഇക്കാര്യം നമ്മെ ശരിക്കും ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. സങ്കുചിതമായ മതവാദത്തെക്കഴിഞ്ഞും എത്രയോ മേലെയാണ് ധര്‍മ്മസങ്കല്‍പ്പം. അത് പ്രാപഞ്ചികസത്യമാണ്. ഭാരതം മുന്നോട്ടുവയ്‌ക്കുന്നത് അതാണ്.
ധര്‍മ്മമെന്നത് പ്രപഞ്ചത്തിന്റെ സന്തുലനത്തിന് ഋഷിമാര്‍ നല്‍കിയ പേരാണ്. അത് എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമാണ്. മനുഷ്യനെ സംബസിച്ച് പ്രത്യേകിച്ചും. മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മതനിഷേധികള്‍ക്കും ഒക്കെ ധര്‍മ്മബോധം ആവശ്യമാണ്. അതില്ലാത്ത മനുഷ്യര്‍ വെറും മൃഗസഞ്ചയം മാത്രമായിരിക്കും. ഉണ്ണുകയും ഉറങ്ങുകയും പ്രത്യുല്‍പ്പാദനം നടത്തുകയും ചെയ്യുന്ന ജന്തുലോകം. അങ്ങനെ ജീവിക്കാന്‍ വിദ്യാഭ്യാസം ആവശ്യമില്ല. വിവാഹം, കുടുംബം, ഗൃഹം, നിയമങ്ങള്‍ തുടങ്ങിയവ അപ്രസക്തം. അഥവാ വേണ്ട നിയമങ്ങള്‍, വന്യമൃഗസംരക്ഷണനിയമംപോലെ ഇഷ്ടാനുസരണം ജീവിക്കാനുള്ളതേ വേണ്ടൂ.
മനുഷ്യന്‍ സമൂഹമായി ജീവിക്കുന്നതിനാണ് ധാര്‍മ്മികമൂല്യങ്ങള്‍ വേണ്ടിവരുന്നത്. അത്തരം മൂല്യങ്ങള്‍ സമൂഹജീവിതത്തിന്റെ കാലങ്ങളായുള്ള അനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. രാമായണകാലത്തിനു മുന്നേതന്നെ നൂറ്റാണ്ടുകളായി രൂപപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളുടെ സഞ്ചിത സമാഹാരമാണ് രാമനിലൂടെ, രാമായണത്തിലൂടെ നമുക്കു പകര്‍ന്നുതന്നത്. തുടര്‍ന്ന് ഇന്നുവരെയുള്ള ഭാരതീയജീവിതത്തിന് അത് വഴികാട്ടിയായി നിലനില്‍ക്കുകയും ചെയ്യുന്നു. ചില കപട ബുദ്ധിജീവികളും ദേശദ്രോഹശക്തികളും രാമനില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുന്ന ദുരാരോപണത്തെ അവഗണിച്ചാല്‍ രാമായണവും രാമനും എക്കാലത്തെയും ധര്‍മ്മഗ്രന്ഥം തന്നെ. അതിന്റെ സ്വാധീനം നഗരഗ്രാമവനമേഖലയിലടക്കം ഭാരതത്തിന്റെ സമഗ്രജീവിതത്തിലും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ആ സ്വാധീനതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബാബറിന്റെ ആക്രമണവും മറ്റു മഹാക്ഷേത്രങ്ങളുടെ നശിപ്പിക്കലും.
വിഗ്രഹാരാധനയും ബഹുദേവതാരാധനയുമൊക്കെ ആക്രമണകാരികളുടെ മതത്തിന് സഹിക്കാവുന്ന കാര്യമല്ല; അവരെ പിന്തുടരുന്ന തദ്ദേശീയരായ ആള്‍ക്കാര്‍ക്കും. അതുകൊണ്ടാണ് പല ദിക്കില്‍നിന്നു വന്നവരായിട്ടും മുഹമ്മദ് ബിന്‍ കാസിം, മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഘോറി, ബാബര്‍ എന്നിവരുടെയും അവരുടെ പിന്‍ഗാമികളുടെയും ലക്ഷ്യം ക്ഷേത്രങ്ങളായി മാറിയത്. ക്ഷേത്രധ്വംസനം മാത്രമല്ല, ക്ഷേത്ര വിശ്വാസികളെയും പറ്റാവുന്നത്രയും ഉന്മൂലനം ചെയ്യുകയും ബലം പ്രയോഗിച്ചു മതംമാറ്റുകയും ചെയ്തു. കേരളത്തില്‍ ഹൈദറും ടിപ്പുവും വാരിയംകുന്നനും അടക്കമുള്ള മാപ്പിളക്കലാപകാരികളും അതുതന്നെ പിന്തുടര്‍ന്നുവല്ലോ.
പ്രതീകങ്ങളെ നശിപ്പിച്ചാല്‍ അവയില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സങ്കല്‍പ്പങ്ങളെയും ക്രമേണ ഇല്ലാതാക്കാം. രാമക്ഷേത്രം തകര്‍ത്തതിലൂടെ ആക്രമണകാരികള്‍ ലക്ഷ്യമാക്കിയതും അതുതന്നെ. ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതത് അക്രമിയുടെ ആധിപത്യത്തിന്റെയും ആക്രമണത്തിനു വിധേയരായവരുടെ പരാജയത്തിന്റെയും അടയാളമായിട്ടാണ്.
ലോകപ്രശസ്ത ചിന്തകനായ ആര്‍നോള്‍ഡ് ടോയന്‍ബി 1960ല്‍ ദല്‍ഹിയില്‍ നടത്തിയ പ്രഭാഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മൗലാനാ അബ്ദുള്‍ കലാം ആസാദ് അനുസ്മരണ പ്രഭാഷണത്തിന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം വന്നത്. ‘ഏകലോകവും ഭാരതവും’ എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ അക്രമിയുടെ താല്‍പ്പര്യമെന്തെന്നു ചൂണ്ടിക്കാട്ടി. ‘ഒരുകാലത്ത് റോമന്‍ കത്തോലിക്ക ക്രിസ്ത്യന്‍ സാമ്രാജ്യത്തില്‍ ചേര്‍ന്ന ഒരു സ്വതന്ത്ര നാടായിരുന്നു പോളണ്ട്. അതിന്റെ തലസ്ഥാന നഗരമായ വാര്‍സ റഷ്യക്കാര്‍ ആദ്യമായി പിടിച്ചടക്കിയപ്പോള്‍ (191415) അവര്‍ ഈ പ്രധാന ചത്വരത്തില്‍ ഒരു പൗരസ്ത്യ വിശ്വാസപ്പള്ളി (Eastern Orthodox Cathedral) സ്ഥാപിച്ചു. ഭരണകര്‍ത്താക്കള്‍ തങ്ങളാണെന്നു പോളണ്ടുകാരെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രത്യക്ഷ പ്രതിഷ്ഠയായിട്ടാണ് റഷ്യക്കാര്‍ ഇതു നിര്‍മ്മിച്ചത്. 1918 ല്‍ പോളണ്ടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിതമായപ്പോള്‍ അവര്‍ ഈ പള്ളി പൊളിച്ചെറിഞ്ഞു. ‘…. റഷ്യക്കാര്‍ ഈ പള്ളി കെട്ടിയത് മതത്തിനുവേണ്ടിയല്ല, രാഷ്‌ട്രീയത്തിനു വേണ്ടിയായിരുന്നു; ഇതിന്റെ ആന്തരോദ്ദേശ്യം പോളണ്ടുകാരെ കല്‍പ്പിച്ചു കുട്ടി അപമാനിക്കണമെന്നതും.’
‘…..അറംഗസീബ് ഈ മൂന്നു പളളികളും (കാശിയിലെ രണ്ടു ക്ഷേത്രങ്ങളും മഥുരയും പൊളിച്ചു നിര്‍മ്മിച്ച) കെട്ടിയതിന്റെ ഉദ്ദേശ്യം തന്റെ രാഷ്‌ട്രീയവിരോധികളെ കല്‍പ്പിച്ചുകൂട്ടി അപമാനിക്കുന്നതിനു വേണ്ടിയത്രേ. വാര്‍സാ നഗരത്തിന്റെ മധ്യഭാഗത്ത് വിശ്വാസപ്പള്ളി കെട്ടുന്നതിന് റഷ്യക്കാര്‍ക്കുണ്ടായിരുന്ന അതേ ഉദ്ദേശ്യം. ഹിന്ദുമതത്തിന് ഏറ്റവും അഭിവന്ദ്യമായ സ്ഥലങ്ങളില്‍ പോലും മുസ്ലീം ഗവണ്‍മെന്റ് അധികാരത്തോടെ ഭരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു ഈ മൂന്നു പള്ളികളുടെയും ഉദ്ദേശ്യം.’ (ഏകലോകവും ഭാരതവും ആര്‍നോള്‍ഡ് ടോയന്‍ബി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, 1963, പുറം 94,95)
ആരാധന മാത്രമല്ല ഉദ്ദേശ്യം! അതു വീണ്ടെടുക്കുകയെന്നാല്‍ അടിമത്തത്തെ തകര്‍ത്തെറിയുക എന്നുംകൂടിയാണര്‍ത്ഥം. ആ പ്രതീകത്തില്‍ ആരോപിച്ചിരുന്ന ആദര്‍ശത്തിന്റെ വീണ്ടെടുപ്പാണ്. ജീവിതസന്ദേശത്തിന്റെ പുനഃസ്ഥാപനമാണ്. അയോദ്ധ്യയില്‍ നടക്കാന്‍പോകുന്നത്. ഭാരതത്തിന്റെ ആദര്‍ശമായ ധര്‍മ്മരാജ്യത്തിന്റെ കുഭാഭിഷേകമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: