കേപ്ടൗണ്‍: ലോകകപ്പ് കലാശപ്പോര് വരുത്തിവച്ച ക്ഷീണത്തിന് മീതെ സെഞ്ചൂറിയന്‍ ടെസ്റ്റ് നല്‍കിയ മറക്കാനാഗ്രഹിക്കുന്ന മത്സരത്തോടെയാണ് ഭാരത ക്രിക്കറ്റ് ടീമിന്റെ 2023 കടന്നുപോയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര പരമ്പര എന്നത് ഇക്കുറി ഇനി പ്രായോഗ്യമല്ലെന്ന തിരിച്ചറിവില്‍ ഭാരതം ഇന്ന് ഇറങ്ങുന്നു. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്. രണ്ട് മത്സര പരമ്പരയില്‍ 1-0ന് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുന്നു.
സമനിലയോടെ തലയുയര്‍ത്തിവേണം രോഹിത്തിനും സംഘത്തിനും അതിലുപരി രാഹുല്‍ ദ്രാവിഡ് എന്ന ഭാരത പരിശീലകനും ദക്ഷിണാഫ്രിക്ക വിട്ടുപോരാന്‍. പുതുവര്‍ഷ രാവിന് മണിക്കുറുകള്‍ക്ക് മുമ്പ് മാത്രമാണ് തോല്‍വി സമ്മാനിച്ച സെഞ്ചൂറിയന്‍ വിട്ട് രോഹിത്തും കൂട്ടരും കേപ്ടൗണിലേക്ക് എത്തിയത്. പഴയതെല്ലാം മറക്കാനുള്ള രാവ് കഴിച്ചുകൂട്ടിയ സംഘം പുതുവര്‍ഷദിനം മുതല്‍ പരിശീലനത്തില്‍ സക്രിയമായി. ലോക ക്രിക്കറ്റില്‍ വമ്പന്‍മാരെന്ന പകിട്ടും പട്ടവും സ്ഥിരതയോടെ നിലനിര്‍ത്തുന്ന ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും അവരുടെ നാട്ടിലെത്തി ടെസ്റ്റ് പരമ്പരകളില്‍ മുട്ടുകുത്തിച്ച സമീപകാല മികവിന്റെ ബലത്തിലാണ് ഭാരതം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്.
ഏകദിന പരമ്പരയില്‍ സാധ്യമായത് ടെസ്റ്റില്‍ കഴിയില്ലെന്ന് ഇതിനോടകം ഉറപ്പായിരിക്കുന്നു. രണ്ട് മത്സര പരമ്പരയില്‍ ഒരെണ്ണം തോറ്റു. ഇനി ഇന്ന് തുടങ്ങുന്ന ടെസ്റ്റില്‍ ജയിച്ചാല്‍ പോലും പരമ്പര സ്വന്തമാക്കുകയെന്ന മോഹം നടക്കില്ല. ജയത്തോടെ സമനിലയുമായി തലയുയര്‍ത്തി മടങ്ങാം എന്ന ആശ്വാസം മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഭാരതത്തിന് മുന്നിലുള്ളത്.
നായകനില്ലാതെ ആതിഥേയര്‍
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ട് താരങ്ങളെ പരിക്ക് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. ടീം ക്യാപ്റ്റന്‍ തെംബ ബവൂമ ആദ്യമേ പിന്‍മാറിയിരുന്നു. രണ്ട് ദിവസം മുമ്പ് പേസ് ബൗളര്‍ ജെറാള്‍ഡ് കോയറ്റ്‌സീയും ഉണ്ടാവില്ലെന്ന് അറിയിച്ചു. ഈ ടെസ്‌റ്റോടെ വിരമിക്കുന്ന ഡീന്‍ എല്‍ഗാര്‍ ആണ് ടീമിനെ നിയന്ത്രിക്കുക. ആദ്യ മത്സരത്തിലെ വിജയശില്‍പ്പിയും എല്‍ഗാര്‍ ആയിരുന്നു. പേസര്‍മാരായ കാഗിസോ റബാഡ, ലുങ്കി എന്‍ജിഡി എന്നിവര്‍ക്കൊപ്പം പുതുമുഖ പേസ് ബൗളര്‍ നാന്‍ഡ്രെ ബര്‍ഗര്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്.
ജയിക്കണം ഭാരതത്തിന്
പരമ്പര തുടങ്ങും മുമ്പേ പരിചയ സമ്പന്നനായ മുഹമ്മദ് ഷമി ഉണ്ടാവില്ലെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഭാരത ക്യാമ്പിനെ അലട്ടിയിട്ടില്ല. കേപ്ടൗണ്‍ പിച്ചിന്റെ സ്വഭാവം അനുസരിച്ച് ടീമില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്‌ച്ച മുതല്‍ ഭാരത താരങ്ങളെല്ലാം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യത്തില്‍ പൊരിഞ്ഞ പരിശീലകനമാണ് നടത്തിവന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ളവര്‍ ഏറെ നേരം നെറ്റ്‌സിലടക്കം ചിലവഴിച്ചു. ജീവന്‍ മരണപോരാട്ടം എന്ന നിലയിലാണ് ഭാരത സംഘം രണ്ടാം ടെസ്റ്റിനെ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: