മൂലമറ്റം(ഇടുക്കി): വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ കുട്ടിക്കര്‍ഷകന്‍ മാത്യുബെന്നിയുടെയും കുടുബത്തിന്റെയും വേദന ഇപ്പോള്‍ മലയാളികള്‍ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. പശുക്കളും കിടാവുകളും ഒന്നിനുപിറകേ ഒന്നായി ജീവന്‍ വെടിയുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നോക്കിനില്‍ക്കേണ്ടിവന്ന മാത്യു ബെന്നിക്ക് സഹായം പ്രവഹിക്കുകയാണ്.
കപ്പയിലെ സയനൈഡ് അമിത അളവില്‍ ഉള്ളിലെത്തിയതാണ് മരണകാരണം. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും ഇരട്ടകളായ പൊന്നുവും മിന്നുവും മറിയാമ്മയും മര്‍ത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരന്‍ ജോര്‍ജിനും പ്രിയപ്പെട്ടവരായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവര്‍ പശുക്കളെ പരിഗണിച്ചിരുന്നത്. മാത്യുവിന് 13 വയസുള്ളപ്പോഴാണ് അച്ഛന്‍ ബെന്നി മരണമടഞ്ഞത്.
അതിനു ശേഷം പശുക്കളെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ പ്രത്യേക താല്പര്യം കണക്കിലെടുത്ത് അവയെ വളര്‍ത്തുകയായിരുന്നു. ഇന്‍ഷ്വറന്‍സ് തുകയിലുണ്ടായ വര്‍ധന കാരണം കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യാനും മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. 60000 രൂപ വിലയുള്ള ഒരു പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ 4000 രൂപയോളം വേണ്ടിവരും. മുഴുവന്‍ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്യാന്‍ വലിയ തുക വേണ്ടി വരുന്നതിനാല്‍ ഇവര്‍ ഇന്‍ഷ്വറന്‍സ് എടുത്തിരുന്നില്ല. ഇതാണ് തിരിച്ചടിയായത്.
ഇന്നലെ നടന്‍ ജയറാം, മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാത്യു ബെന്നിയുടെ വീട്ടിലെത്തി. നടന്‍ ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്കി. നടന്‍ മമ്മൂട്ടി ഒരു ലക്ഷവും നടന്‍ പൃത്ഥിരാജ് രണ്ട് ലക്ഷവും നല്കുമെന്ന് ജയറാം പറഞ്ഞു. മന്ത്രി ചിഞ്ചുറാണി സംസ്ഥാന സര്‍ക്കാരിന്റെ സഹായമായി അഞ്ച് പശുക്കളെ ഒരാഴ്ചയ്‌ക്കുള്ളില്‍ വാങ്ങി കൊടുക്കാം എന്നും ഉറപ്പു നല്കിയിട്ടുണ്ട്.
മില്‍മ 45000 രൂപ ഉടന്‍ കൈമാറും. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
പി.ജെ. ജോസഫ് എംഎല്‍എ കറവയുള്ള ഒരു പശുവിനെ കൈമാറി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിബിന്‍ ബേബി അഞ്ച് പശുക്കളെ വാങ്ങി നല്കാമെന്ന് അറിയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാത്യുബെന്നിയുടെ വിട്ടില്‍ എത്തി സംരംഭങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്കി.
ജയറാമിന്റെ സഹായമായി അഞ്ച് ലക്ഷം
മൂലമറ്റം: ഭക്ഷ്യവിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത കുട്ടിക്കകര്‍ഷകന്റെ വീട്ടില്‍ നടന്‍ ജയറാം സഹായവുമായെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാത്യുബെന്നിയുടെ വീട്ടില്‍ ജയറാം എത്തിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുബാംഗങ്ങള്‍ക്ക് അദ്ദേഹം കൈമാറി. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി കുട്ടിക്കര്‍ഷകന് നല്കിയത്. 2005, 2012 വര്‍ഷങ്ങളില്‍ ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചയാളാണ് താനെന്ന് ജയറാം പറഞ്ഞു.
മാത്യു ബെന്നിയുടെ പശുക്കള്‍ ചത്തതുപോലെ സമാനമായ സംഭവം ഞാനും നേരിട്ടിട്ടുണ്ട്, 24 പശുക്കളാണ് ആറ് വര്‍ഷം മുമ്പ് ചത്തത്. ഒരു ദിവസം ഏതാനും സമയങ്ങള്‍ക്ക് ഉള്ളിലാണ് ദുരന്തം സംഭവിച്ചത്. അന്ന് ഞാന്‍ നിലത്തിരുന്ന് കരയുകയായിരുന്നു. 24 പശുക്കളേയും വലിയ കുഴിയെടുത്ത് സംസ്‌കരിച്ചപ്പോള്‍ ഉണ്ടായതുപോലെയുള്ള വിഷമം പിന്നീട് നേരിട്ടിട്ടില്ല, ജയറാം പറഞ്ഞു. കുടുബാംഗങ്ങളെ ആശ്വസിപ്പിച്ച് പശുഫാം സന്ദര്‍ശിച്ചതിന് ശേഷമാണ് ജയറാം മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം എം. മോനിച്ചന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് കപ്പക്കിഴങ്ങിന്റെ തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മാത്യു ബെന്നിയുടെ 13 പശുക്കള്‍ ചത്തത്.
അഞ്ച് പശുക്കളെ സൗജന്യമായി നല്കും: മന്ത്രി
മൂലമറ്റം: പതിമൂന്ന് പശുക്കളെ നഷ്ടപ്പെട്ട ബെന്നി മാത്യുവിന് അഞ്ച് പശുക്കളെ സൗജന്യമായി നല്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. മന്ത്രി റോഷി അഗസ്റ്റിനൊപ്പം വെള്ളിയാമറ്റത്ത് ബെന്നി മാത്യുവിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു ചിഞ്ചു റാണി.
കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റെ് ബോര്‍ഡില്‍ നിന്നും ഇന്‍ഷ്വറന്‍സ് പരിരക്ഷയോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ നല്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. കൂടാതെ അടിയന്തര സഹായമായി 45,000 രൂപ മില്‍മ നല്കും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്‌സ് നല്കും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികള്‍ വഴി നല്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികര്‍ഷകര്‍ക്ക് ശാസ്തീയ പശുവളര്‍ത്തലില്‍ പരിശീലനവും നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: