കൊച്ചി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ മതതീവ്രവാദ സംഘടനകളെ സന്തോഷിപ്പിക്കാനും പ്രീണിപ്പിക്കാനുമാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മതഭീകരരെ പ്രീതിപ്പെടുത്തി വോട്ട് പിടിക്കുകയെന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്ക്കുമുളളത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സജി ചെറിയാന്റെ ക്രൈസ്തവ പുരോഹിതന്മാരെ അവഹേളിച്ചു നടത്തിയ പ്രസ്താവന.
മത ആചാര്യന്മാര് എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു. ഈ മന്ത്രിസഭ കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി പരസ്യമായി ക്രൈസ്തവ സമൂഹത്തോടും പുരോഹിതന്മാരോടും മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മുന്‍പും പുരോഹിതന്മാരെ അവഹേളിച്ചിട്ടുണ്ട്. താമരശേരി പിതാവിനെ നികൃഷ്ടജീവി എന്ന് വിളിച്ച് അധിക്ഷേപിച്ചത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് പുറത്തുവന്നത്. ഹൈന്ദവ സമൂഹത്തോടും ഇതേ സമീപനമാണ് സര്‍ക്കാരിനുളളത്. സിപിഎമ്മിന്റെ ഈ നിലപാടിനെതിരെ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: