സോള്‍: ദക്ഷിണകൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജെമ്യുംഗിനെതിരേ കത്തിയാക്രമണം. കഴുത്തിന് കുത്തേറ്റ മ്യുംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുറമുഖ നഗരമായ ബുസാനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒരു പുതിയ വിമാനത്താവളത്തിന്റെ സൈറ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആക്രമണമുണ്ടായത്.
ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ മധ്യവയസ്കന് പൊടുന്നനെ കീശയില്‍ നിന്ന് കത്തിയെടുത്ത് മ്യുംഗിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍തന്നെ ബോധരഹിതനായി വീണ മ്യുംഗിന് ഒപ്പമുണ്ടായിരുന്നവര്‍ പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ലീക്കെതിരേ നടന്നത് ഭീകരപ്രവര്‍ത്തനമാണെന്നും ഒരു സാഹചര്യത്തിലും സംഭവിക്കാന്‍ പാടില്ലാത്ത, ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി എംപി ക്വോണ്‍ ചില്സിയുംഗ് ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ലീയുടെ കഴുത്തില്‍ ഒരു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ ബോധവാനാണെന്നും രക്തസ്രാവം കുറവാണെന്നും ബുസാന്‍ പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2022ല്‍ ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികനായ യൂന്‍ സുക് യോളിനോട് ലീ പരാജയപ്പെടുകയായിരുന്നു. 2027ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: