തൃശൂര്‍: രണ്ടായിരത്തോളം മലയാളി മങ്കമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പിറന്നത് മോദിയോടുള്ള ആദരവ്. മഹിളാ മോര്‍ച്ചയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മോദിയ്ക്ക് ആദരവ് അര്‍പ്പിച്ചാണ് തിരുവാതിര അരങ്ങേറിയത്.
2000 ത്തോളം പേര് അണിനിരന്ന മെഗാ തിരുവാതിര കാണികള്‍ക്കും വിസ്മയമായി. പാല്ക്കടല് ചാടിക്കടന്ന് ഹനൂമാന് എന്ന് തുടങ്ങുന്ന വരികള്‍ക്കൊപ്പം സെറ്റുസാരിയും പച്ച ബ്ലൗസുമണിഞ്ഞ വനിതകള്‍ ചുവടുവച്ചപ്പോള്‍ സാംസ്കാരിക നഗരിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മറ്റൊരു അവിസ്മരണീയ കലാപ്രകടനമായി മാറി.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് തിരുവാതിര അരങ്ങേറിയത്. കാണിപ്പയ്യൂരിന്റെ കൃതി ‘കൊമ്പും കുടവര്‍ ‘ എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെ ആരംഭിച്ച് രാമായണം സുപ്രസിദ്ധം എന്ന തിരുവാതിരപ്പാട്ടോടെ 10 മിനിറ്റാണ് മെഗാ തിരുവാതിരകളി നടന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതകള്‍ തിരുവാതിരയ്ക്ക് ചുവടുവെച്ചു. പരിപാടി ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു. ‘വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരകളി വടക്കുന്നാഥന്റെ തിരുമുറ്റത്ത് നടക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സര്വ്വേശ്വരന് പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലന് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു.
സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി. ടി.രമ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, മഹിളാ മോര്‍ച്ച നേതാക്കളായ ജാന്‍സി, വി. ആതിര, രേണു സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: