ചങ്ങനാശ്ശേരി: ജാതിസംവരണം വംശീയമായ വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും ജാതികള്‍ തമ്മിലുളള സ്പര്‍ദ്ധയ്‌ക്ക് ഇടയാക്കുമെന്നും അതിനാല്‍ ജാതി സെന്‍സസ് ഉപേക്ഷിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജാതി, മത, രാഷ്‌ട്രീയ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. സമൂഹനന്മ, സാമൂഹ്യനീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ വേണ്ട നിലപാടാണ് എന്‍എസ്എസിനുള്ളത്. പൊതു, ഉന്നതവിദ്യാഭ്യാസ രംഗങ്ങളിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരായ നയങ്ങള്‍ തിരുത്തണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ എന്‍എസ്എസിനെതിരെ വ്യാജ പ്രചാരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. എന്‍എസ്എസിന്റെ ഭരണഘടന മാറ്റിയെഴുതണമെന്നാണ് ചിലരുടെ ആവശ്യം. മന്നത്ത് പത്മനാഭന്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ ഒരു മഷിത്തുള്ളിപോലും വീഴാന്‍ അനുവദിക്കില്ല, മാറ്റിയെഴുതേണ്ട സാഹചര്യവുമില്ല. അത്രകണ്ട് ദീര്‍ഘദര്‍ശനത്തോടെയുള്ളതാണത്. സമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരുംകാലത്ത് നാം ഒറ്റപ്പെട്ടുപോകും. സമുദായത്തെ സഹായിക്കാന്‍ ഒരാളും കാണില്ല. കോണ്‍ഗ്രസുകാര്‍ അന്വേഷിച്ച് വരില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിരിച്ച് കയറിവരും.
സമുദായംഗങ്ങള്‍ക്ക് ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ പെറ്റമ്മയെ തള്ളിപ്പറയരുത്. സമുദായം പിടിച്ചു നില്‍ക്കുന്നത് മന്നത്ത് പത്മനാഭന്റെ ശക്തികൊണ്ടു മാത്രമാണ്. സംഘടനക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നവര്‍ മഴയത്ത് കരയോഗത്തിന്റെയോ താലൂക്ക് യൂണിയന്റെയോ തിണ്ണയില്‍ പോലും കയറിനില്‍ക്കാത്തവരാണ്. അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, കൗണ്‍സിലംഗം ഹരികുമാര്‍ കോയിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: