ബ്രിസ്‌ബേന്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരികെയെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം നവോമി ഒസാക്കയ്‌ക്ക് വിജയത്തുടക്കം. ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലില്‍ ഇറങ്ങിയ താരം പുതുവര്‍ഷദിനത്തില്‍ ആദ്യ മത്സരത്തില്‍ ജര്‍മനിയുടെ ടമാരാ കോര്‍പാഷിനെയാണ് കീഴടക്കിയത്.
സ്‌കോര്‍: 6-3, 7-6(9)
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ഒസാക്ക പിന്‍മാറിയിരുന്നു. പിന്നീടാണ് താരം താന്‍ ഗര്‍ഭിണിയാണെന്ന വിവരം ലോകത്തെ അറിയിച്ചത്. പ്രസവ ശേഷം ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസില്‍ തിരിച്ചുവരവ് നടത്താനിരിക്കുകയാണ് താരം. അതിന് മുന്നോടിയായി ബ്രിസ്‌ബേന്‍ ഇന്റര്‍ നാഷണലിലൂടെയാണ് താരം ഇടവേള അവസാനിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നവോമി സ്വന്തമാക്കിയിട്ടുണ്ട്.
2018 യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇതിഹാസ താരം സെറീന വില്ല്യംസിനെ തോല്‍പ്പിച്ചാണ് നവോമി ആദ്യ ഗ്രാന്‍ഡ് സ്‌ലാം നേടിയത്. ടെന്നിസ് ഗ്രാന്‍ഡ് സ്‌ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ജപ്പാന്‍ താരമെന്ന ഖ്യാതിയും അതോടെ നവോമി സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: