നിലയ്‌ക്കല്‍: ടോക്കണ്‍ അനുസരിച്ച് വാഹനം കടത്തിവിടുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് നിലയ്‌ക്കലില്‍ പ്രതിഷേധം. ഇന്നലെ വൈകിട്ട് നാല്മണിയോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. ഒരുമണിക്കൂറോളം തര്‍ക്കം തുടര്‍ന്നു. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ റോഡ് നിറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കാത്ത് കിടന്ന മുഴുവന്‍ വാഹനങ്ങളേയും പമ്പയിലേക്ക് കടത്തിവിട്ടു. നിലയ്‌ക്കലും പമ്പയും തമ്മിലുള്ള പോലീസ് ഏകോപനം പാളിയതാണ് പ്രതിസന്ധികള്‍ക്ക് കാരണമായത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് ആനുപാതികമായ സൗകര്യം ശബരിമലയില്‍ ഒരുക്കാഞ്ഞതോടെയുള്ള തിരക്ക് തുടരുകയാണ്.
എരുമേലി, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ തിരക്കേറി എന്നറിയിച്ചതിനെ തുടര്‍ന്ന് പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളത്ത് രണ്ടു മൈതാനങ്ങളിലായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടു. പിന്നീടും തിരക്ക് കുറയാതായപ്പോള്‍ റോഡിലും വാഹനങ്ങളുടെ നിരയായി. ഇതിനിടെ കൊപ്രാക്കളത്ത് നടുറോഡില്‍ ശരണംവിളിയുമായി സ്വാമിമാര്‍ പ്രതിഷേധിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഇളങ്ങുളം ശാസ്താക്ഷേത്ര മൈതാനം, കൊപ്രാക്കളം പമ്പിന് സമീപത്തെ മൈതാനം എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ പിടിച്ചിട്ടത്. തിരക്കൊഴിയുന്നതിന്റെ അറിയിപ്പ് പോലീസിന് ലഭിക്കുന്ന മുറയ്‌ക്കാണ് പിന്നീട് വാഹനങ്ങള്‍ വിട്ടയച്ചത്. കഴിഞ്ഞയാഴ്ച തിരക്കേറിയപ്പോള്‍ പി.പി. റോഡില്‍ 10 കിലോമീറ്ററിലേറെ ദൂരം തീര്‍ഥാടകവാഹനങ്ങള്‍ നിറഞ്ഞ് ഗതാഗതം കുരുങ്ങിയിരുന്നു.
















