ന്യൂദല്‍ഹി: ഖലിസ്ഥാന്‍ വാദികളെയും ഖലിസ്ഥാന്‍ സംഘടനകളെയും അമര്‍ച്ച ചെയ്യാനുറച്ച് തന്നെ കേന്ദ്രസര്‍ക്കാര്‍. യുഎസും കാനഡയും ഖലിസ്ഥാന്വാദികളോട് മൃദുസമീപനം കൈക്കൊള്ളുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം കടുപ്പിച്ചിരിക്കുന്നത്.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്‍കാതെ ഇന്ത്യയെ കുറ്റപ്പെടുത്തുകയായിരുന്നു കാനഡ. കൊല്ലപ്പെട്ടയാല്‍ പിടികിട്ടാപ്പുള്ളിയും ഖലിസ്ഥാന്‍ എന്ന ഇന്ത്യയെ വിഭജിക്കാനുള്ള പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് കാനഡ ചെയ്തത്.
അതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ പല കുറി വധഭീഷണി മുഴക്കിയ ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്ന കുറ്റപ്പെടുത്തലുമായി ഇപ്പോള്‍ യുഎസും രംഗത്ത് വന്നിരിക്കുകയാണ്. ഖലിസ്ഥാന്‍ എന്ന വിഘടനവാദപ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കാന്‍ യുഎസ് തയ്യാറല്ല.
ഇപ്പോഴിതാ പന്നുനെ വധിക്കാന്‍ ശ്രമിച്ചുഎന്ന് ആരോപിച്ച് ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത എന്ന വ്യക്തിയെ ചെക് റിപ്പബ്ലിക്കില്‍ വെച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് യുഎസ്. നിഖില്‍ ഗുപ്തയെ വിട്ടുകൊടുക്കാനും യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്തായാലും ഈ സാഹചര്യത്തില്‍ ഖലിസ്ഥാനെതിരെ നീക്കം കടുപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതല്ലെങ്കില്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടി വാദിക്കുന്ന യുഎസിനെയും കാനഡയെയും പിന്നീട് നയതന്ത്രതലത്തില്‍ എതിര്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഇപ്പോള്‍ ഖലിസ്ഥാന്‍വാദിയായ കാനഡയില്‍ തമ്പടിച്ചിരിക്കുന്ന ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടയെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. ഗായകന് സിദ്ദു മൂസെവാലയെ വധിക്കുകയും ബോളിവുഡ് നടന് സല്‍മാന്‍ഖാനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അധോലോക നേതാവ് കൂടിയാണ് ഗോള്‍ഡി ബ്രാര്‍. ലോറന്‍സ് ബിഷ്ണോയി എന്ന അധോലോക നായകന്റെ സംഘത്തില്‍പെട്ട വ്യക്തി കൂടിയാണ് ഗോള്‍ഡി ബ്രാര്‍. കാനഡയില്‍ അധോലോക നായകരും ഖലിസ്ഥാനും കൈകോര്‍ക്കുന്ന സ്ഥിതിവിശേഷം ഭാവിയില്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തിയേക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
ഇപ്പോഴേ ഖലിസ്ഥാനെതിരെ നീക്കം കടുപ്പിച്ചില്ലെങ്കില്‍ ഒരിക്കലും ഉണക്കാനാവാത്ത മുറിവായി ഖലിസ്ഥാന്‍ വാദം ഇന്ത്യയില്‍ ശക്തിപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കേസിന് ശക്തികൂട്ടാന്‍ ഗോള്‍ഡി ബ്രാറിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുഎപിഎയും ചുമത്തിയിട്ടുണ്ട്.
അതുപോലെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിന് നേരെ ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് ആക്രമണം നടത്തിയ സംഘത്തിലെ 42 പേര് ഖലിസ്ഥാന്‍ തീവ്രവാദികളാണെന്ന് തിരിച്ചറിഞ്ഞതായി എന്‍ഐഎ വെളിപ്പെടുത്തി.
ഈ 42 പേരുടെയും വിസ നിരോധിക്കാനും ഒഐസി പൗരത്വം റദ്ദാക്കാനും സ്വത്ത് പിടിച്ചെടുക്കാനും ലണ്ടനില്‍ നിന്നും ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനും കേന്ദ്രസര്‍ക്കാര്‍ വൈകാതെ നടപടികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: