ശബരിമല: മകരവിളക്ക് ഉത്സവത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ശബരീശ സന്നിധിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തീര്‍ത്ഥാടക തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.
ഞായറാഴ്ച 94,000 ഓളം തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. തിങ്കാഴ്ച വൈകുന്നേരം ആറുമണി വരെ ലഭിച്ച കണക്കനുസരിച്ച് 73,785 പേര് ദര്‍ശനം നടത്തി. തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരക്കൂട്ടം മുതല്‍ ഭക്തരെ നിയന്ത്രിച്ചാണ് സന്നിധാനത്തേയ്ക്ക് കടത്തി വിടുന്നത്. പമ്പയില്‍ നിന്ന് എട്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്. ഇതില്‍ മരക്കൂട്ടം ശരംകുത്തി പാതയില്‍ അഞ്ച് മണിക്കൂറില്‍ അധികം നേരം കാത്ത് നില്‍ക്കേണ്ടി വന്നതായി തീര്‍ത്ഥാടകര്‍ പറഞ്ഞു.
തീര്‍ത്ഥാടക തിരക്കിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ പോലീസ് മണിക്കൂറുകളോളം തടഞ്ഞിട്ടു. ഇതേ തുടര്‍ന്ന് ഭക്തരും പോലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. 7000ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ അശാസ്ത്രിയ പാര്‍ക്കിങ് സംവിധാനം മൂലം 5000ല്‍ താഴെ വാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നുള്ളു. ഇതും തീര്‍ത്ഥാടക വാഹനങ്ങള്‍ റോഡില്‍ പിടിച്ചിടാന്‍ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: