(നാമകരണ സംസ്കാര തുടര്‍ച്ച)
ഭൂമിപൂജനവും ഭൂമിസ്പര്ശവും
ശിക്ഷണവും പ്രേരണയും:
സൂതികാകാലത്ത് (പ്രസവസംബന്ധമായ പുലസമയം) കുട്ടിയെ നിലത്തു കിടത്തുകയില്ല. നാമകരണത്തിനുശേഷം കുട്ടിയെ തറയില്‍ ഇരുത്തുന്നു. അതിനു മുമ്പായി ഭൂമിയെ പൂജിക്കുന്നു. ഇങ്ങനെ പൂജിച്ച നിലത്ത് (തറയില്‍) ആദ്യമായി കുട്ടിയെ ഇരുത്തുന്നു. തറ തളിച്ചു മെഴുകി അഥവാ കഴുകി കളം വരച്ച് അക്ഷതം, പുഷ്പം, ഗന്ധം, ധൂപം, ഇത്യാദികള്കൊണ്ട് പൂജിക്കുന്നു. ഭൂമിയെ കേവലം മണ്ണായി കണക്കാക്കാതെ അതിനെ ദേവഭൂമിയായും ജന്മഭൂമിയായും ധരിത്രീമാതാവായും ഭാരതമാതാവായും കരുതി അതിനോടു സദാ ഭക്ത്യാദരഭാവം കാട്ടണം. ജന്മം നല്കിയ മാതാവിനോടുള്ളയത്രതന്നെ ബഹുമാനവും ആദരവും വിശ്വമാതാവും പ്രാണിമാതാവും ഭാരതമാതാവുമായ ഭൂമിയോടും ഉണ്ടായിരിക്കണം. സ്വന്തം മാതാവിനെപ്പോലെ മാതൃഭൂമിയേയും സേവിക്കാനുള്ള നിഷ്ഠാഭാവം മനുഷ്യനും തന്റെ ഉള്ളില്‍ പാലിക്കണം. മാതൃഭൂമിയുടെയും വിശ്വവസുന്ധരയുടെയും രക്ഷയ്ക്കുവേണ്ടി ആര്‍ക്ക് എത്ര ത്യാഗവും പ്രയത്നവും ചെയ്യാന്‍ കഴിയുമോ അത്രയും ചെയ്യണം.
ദേശഭക്തിയുടെ അര്‍ത്ഥം സമാജസേവ എന്നാണ്. ദേശവാസികളുടെയും സഹചാരികളുടേയും സഹപ്രവര്‍ത്തകരുടേയും പ്രയോജനത്തിനുവേണ്ടി എന്തെങ്കിലും സംഗതി ചെയ്യണം. സ്വന്തം ഉദരപൂരണവും സ്വന്തം ഉന്നതിയും സൗകര്യങ്ങളും മാത്രം ആഗ്രഹിക്കുന്ന സ്വഭാവം അധമന്മാരുടേതാണ്. ശ്രേഷ്ഠവ്യക്തികള്‍ തങ്ങളുടെ ആന്തരികമഹിമയ്ക്കനുയോജ്യമായ വിധത്തില്‍ തന്റെ മമത സ്വന്തം വീട്ടില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നില്ല. അവര്‍ അതിനെ വിശാലമാക്കുകയാണ് ചെയ്യുന്നത്. അകന്നവരും തങ്ങളുടെ ബാന്ധവരാണെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. അവരില്‍ വസുധൈവകുടുംബകത്തിന്റെ ഭാവന ദൃഢമൂലമാകുന്നു. ഇങ്ങനെയുള്ള ദേശഭക്തരായ വ്യക്തികള്‍ സമാജസേവയും ജനക്ഷേമപ്രവര്‍ത്തനങ്ങളും തങ്ങളുടെ സ്വന്തം പ്രയോജനങ്ങള്‍ക്കും സ്വാര്‍ത്ഥതയ്ക്കും ഉപരിയായി പരിഗണിക്കുന്നു. ഇവരുടെ സ്തുതിഗാഥകള്‍ ഈ ലോകത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. ഭൂമിസ്പര്‍ശനം ചെയ്യിച്ചുകൊണ്ട് കുട്ടിക്ക് മാതൃഭൂമിയുടെ സേവയുടെയും ദേശഭക്തിയുടെയും ശിക്ഷണം പ്രദാനം ചെയ്യപ്പെടുന്നു.
പൃഥ്വീമാതാവിന്റെ ക്ഷമാശീലം സര്‍വ്വവിദിതമാണല്ലോ. എല്ലാവരുടേയും ഭാരം തന്റെ മേല്‍ വഹിക്കുന്നു. തന്റെ വക്ഷസ്സില്‍ അന്നം, ഫലമൂലങ്ങള്‍, രസങ്ങള്‍, ഖനിജങ്ങള്‍ മുതലായ പലതരം പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിച്ച് പ്രാണികളെ പരിപാലിക്കുന്നു. ആളുകള്‍ മലമൂത്രങ്ങള്കൊണ്ട് അതിനെ മലിനമാക്കുന്നു. എന്നിട്ടും ദേഷ്യപ്പെടാതെ എല്ലാം സഹിക്കുന്നു. തന്റെ കൂടുതല്‍ ഭാഗവും ജലത്തിന്റെ ശീതളതകൊണ്ട് നിറച്ചിരിക്കുന്നു. വിശാലമായ സമ്പത്തിന്റെ ഉടമസ്ഥയായിരുന്നിട്ടും അഹംഭാവിക്കുന്നില്ല. പ്രയത്നിക്കുന്നവര്‍ക്ക് ഉദാരമായി തന്റെ സമ്പത്തിന്റെ ഉപഹാരങ്ങള്‍ നല്കുന്നു. തന്റെ സകല സന്താനങ്ങളെയും മടിയിലേറ്റിവച്ചുകൊണ്ട് തന്റെ നിര്ദ്ദിഷ്ടഗതിയില് ചലിച്ചുകൊണ്ടിരിക്കുന്നു. ഉള്ളിലെ അഗ്നിയെ ഉള്ളില്‍ത്തന്നെ ഒതുക്കിനിര്‍ത്തുകയും പുറമേ ശീതളമായി കഴിയുകയും ചെയ്യുന്നു. ചെടികള്‍ ഭൂമിയില്‍നിന്ന് ആഹാരം വലിച്ചെടുത്ത് വളരുന്നു. ഉദ്യാനപാലകന്‍ ആ വളര്‍ച്ചയെ ശരിയായ വഴിക്കു കൊണ്ടുവരുന്നതിനുവേണ്ടി അവയെ കോതിമുറിച്ചുവിടുന്നു. മാതൃഭൂമിയുടെ അനുഗ്രഹങ്ങള്മൂലമുള്ള കുട്ടിയുടെ വികസനത്തിന് രക്ഷാകര്ത്താക്കള് ഉദ്യാനപാലകനെപ്പോലെ പ്രവര്‍ത്തിക്കണം.
ക്രിയയും ഭാവനയും:
കുട്ടിയുടെ മാതാപിതാക്കള്‍ അക്ഷതം, പുഷ്പം, കുങ്കുമം ഇത്യാദി കയ്യിലെടുത്ത് മന്ത്രം ചൊല്ലുന്നതോടെ ഭൂമിയെ പൂജിക്കുക. കുട്ടിയുടെ ഉല്‍ക്കര്‍ഷത്തിനുവേണ്ടി ഈ സ്ഥാനത്ത് ശ്രേഷ്ഠമായ സംസ്കാരങ്ങളെ ഘനീഭവിപ്പിക്കാന്വേണ്ടി പൃഥ്വീമാതാവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും തങ്ങളുടെ ആവാഹനവും പൂജയും മുഖേന ആ പ്രക്രിയയ്ക്കു വേഗത ലഭിക്കുകയാണെന്നും സങ്കല്പിക്കുക. മന്ത്രം ചൊല്ലിത്തീരുമ്പോള്‍ പൂജാസാമഗ്രികള്‍ ഭൂമിക്ക് അര്‍പ്പിക്കുക.
ഓം മഹീ ദ്യൗഃ പൃഥിവീ ച
ന ള ഇമം യജ്ഞം മിമിക്ഷതാം
പിപൃതാം നോ ഭരീമഭിഃ.
ഓം പൃഥിവൈ്യ നമഃ
ആവാഹയാമി, സ്ഥാപയാമി
പൂജയാമി, ധ്യായാമി
സ്പര്ശനക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുമ്പോള്‍ പൂജിച്ച നിലത്ത് മാതാവ് കുട്ടിയെ കിടത്തുക. എപ്രകാരമാണോ മാതാവ് കുട്ടിയെ മടിയില്‍വെച്ച് സ്നേഹിച്ചു ലാളിക്കുന്നതോടൊപ്പം അറിഞ്ഞും അറിയാതെയും ശ്രേഷ്ഠമായ സംസ്കാരവും അഗാധമായ ആനന്ദവും പ്രദാനം ചെയ്യുന്നത് അതേപ്രകാരം പൃഥ്വീമാതാവ് ഈ കുട്ടിയെ തന്റെ ഓമനയായി കരുതി മടിയിലെടുത്തുവെച്ച് അനുഗ്രഹിക്കുകയാണെന്നു സകലരും കൈകൂപ്പി സങ്കല്പിക്കുക.
ഓം സ്യോനാ പൃഥ്വി നോ
ഭവാനൃക്ഷരാ നിവേശനി
യച്ഛാ നഃ ശര്‍മ സപ്രഥാഃ
അപ നഃ ശോശുചദഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക: