തിരുവനന്തപുരം : കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സംസ്ഥാനത്ത് പുതിയ ഗതാഗത സംവിധാനം കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.
രാജ്യത്ത് ഇതുവരെ കാണാത്ത ഗതാഗത സംസ്‌കാരം സംസ്ഥാനത്തേയ്‌ക്ക് കൊണ്ടുവരാനാണ് നടപടി. പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകളും ഇടവഴികളും മുക്കും മൂലയും വരെ ഉള്‍പ്പെടുത്തി ജനകീയമായുള്ള പൊതുഗതാഗത സംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായി പഠിച്ചശേഷം ആയിരിക്കും നടപടി സ്വീകരിക്കുക. മുഖ്യമന്ത്രി ഈ പ്രപ്പോസല്‍ അംഗീകരിച്ചാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ പൊതുഗതാഗത സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ നമ്മള്‍ക്ക് കഴിയും. നമ്മള്‍ ചിന്തിക്കാത്ത തരത്തിലുള്ള ജനകീയമായ പരിഷ്‌കാരത്തിനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നപ്പോള്‍ ഈ നടപടിക്ക് വേണ്ടി ഞാനൊരു ഉത്തരവിറക്കിയിരുന്നു. എന്നാല്‍ താന്‍ പോയതിന് ശേഷം അത് ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാല്‍ ആ ഉത്തരവായിരിക്കും ആദ്യം തിരിച്ചുവരാന്‍ പോകുന്നത്. അതിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് അത്ഭുതകരമായ പൊതുഗതാഗത സംവിധാനം ഒരുക്കും.
കൂടാതെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകും. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി തൊഴിലാളികളും യൂണിയനുകളുടേയും സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ ഇഷ്ടമുള്ള വ്യക്തിയായതിനാല്‍ തന്നെ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: