തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം കടുപ്പിച്ച് താല്‍ക്കാലിക ജീവനക്കാര്‍. സത്യഗ്രഹസമരവുമായാണ് ജീവനക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ജനുവരി 5 ന് നടക്കുന്ന സത്യഗ്രഹസമരം സിഐടിയു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച ബാനറുകള്‍ ആശുപത്രി പരിസരത്ത് ഉയര്‍ന്നു കഴിഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയായ കെജിഎച്ച്ഡിഎസ്ഇയു തലശ്ശേരി ബ്രാഞ്ച് കമ്മറ്റിയാണ് സമരവുമായി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 80 ഓളം പേരാണ് ശമ്പളമില്ലാതെ മൂന്ന് മാസമായി ജോലി ചെയ്യുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ നടപടി ആവശ്യപ്പെട്ട് ആശുപത്രി പരിസരത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. സമര പരിപാടികള്‍ നടത്തിയാല്‍ നിലവിലുള്ള ജോലി പോകും എന്ന ഭയത്തിലായിരുന്നു ഇവര്‍.
ഇപ്പോള്‍ സഹികെട്ടാണ് സത്യഗ്രഹ സമരവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. ശമ്പളം ഇല്ലാതായതോടെ പലരും പട്ടിണിയിലാണ്. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ എടുത്തവരൊക്കെ ശമ്പളം മുടങ്ങിയതോടെ നേട്ടോട്ടത്തിലാണ്. അധികാരികള്‍ കണ്ണ് തുറന്നാലെ ഇവരുടെ ജീവിതം പഴയ രീതിയില്‍ എത്തുകയുള്ളൂ. പലരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആത്മഹത്യയുടെ വക്കിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: