കൊച്ചി: മാസപ്പടി വിവാദത്തില്‍ കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിനും കെഎസ്ഐഡിസിക്കും കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് നല്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയന് നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ (ഐഎസ്ബി) കണ്ടെത്തലിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
ഫലത്തില്‍ ഇത് അന്വേഷണമായി മാറും. സിഎംആര്‍എല്‍ നല്കുന്ന വിശദീകരണം നിര്‍ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന,് നല്‍കാത്ത സേവനത്തിന് പണം കൈമാറിയെന്ന ആരോപണത്തിലാകും പ്രധാന അന്വേഷണം. മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്, ഈ കേസ് അന്വേഷിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികാര്യ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നോട്ടിസ്. സിഎംആര്‍എല്‍ കമ്പനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്ഐഡിസിക്കുള്ളതിനാലാണ് അവര്‍ക്കും നോട്ടിസ് അയച്ചത്.
ഐഎസ്ബിയുടെ ശുപാര്‍ശ അനുസരിച്ച് കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി ഓഹരി ഉടമ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നല്‍കിയിട്ടുണ്ട്. 19 ആരോപണങ്ങള്‍ക്കാണു മറുപടി നല്‍കേണ്ടത്. ഏറെ നിര്‍ണായകമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 2019 മാര്‍ച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂര്‍ണമായി നിരോധിച്ചതിനു ശേഷവും സിഎംആര്‍എല്‍ കമ്പനിക്ക് ഇത്രയധികം കരിമണല്‍ (ഇല്‍മനൈറ്റ്) എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന് കെഎസ്ഐഡിസി നല്കുന്ന മറുപടി നിര്‍ണായകമാണ്. ഈ മറുപടി കിട്ടിയ ശേഷം പിണറായിയുടെ മകള്‍ വീണാ വിജയനും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര ഏജന്‍സി നോട്ടീസ് നല്കാന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: