തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനൊരുങ്ങി തൃശ്ശൂര്‍. ജനുവരി മൂന്നിന് മൂന്നു മണിക്കാണ് മോദി തൃശ്ശൂരിലെത്തുന്നത്. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി തൃശ്ശൂര്‍ നഗരത്തിലെത്തുന്നത്. ജില്ലയില്‍ നാലാം തവണയും. ഉച്ചയ്ക്ക് കൊച്ചിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് എട്ട് കിലോമീറ്ററോളം റോഡ് മാര്‍ഗം സഞ്ചരിച്ച് നഗരത്തിലെത്തും.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്ന ജനറല്‍ ആശുപത്രി ജങ്ഷന് മുതല്‍ റോഡ് ഷോ ആരംഭിക്കും. ഒരു ലക്ഷം പേര് അണിനിരക്കും.
സ്വരാജ് റൗണ്ടിലൂടെ കടന്നു വരുന്ന പ്രധാനമന്ത്രി നായ്ക്കനാല്‍ കവാടം വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പ്രവേശിക്കും. തുടര്‍ന്ന് മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. രണ്ട് ലക്ഷം മഹിളകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് മഹിളാ മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനം നടക്കുന്ന മൈതാനിയില്‍ വനിതകള്‍ക്കു മാത്രമാകും പ്രവേശനം. വൈകിട്ട് അഞ്ചു മണിയോടെ പ്രധാനമന്ത്രി മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മൂലം കനത്ത സുരക്ഷാ ജാഗ്രതയിലാണ് തൃശ്ശൂര്‍ നഗരം. പൊതുസമ്മേളനം നടക്കുന്ന ക്ഷേത്ര മൈതാനത്തിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു. എസ്പിജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പരിപാടിക്കായി വിപുലമായ തയാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്. നഗരത്തിലെങ്ങും പ്രധാനമന്ത്രിക്ക് സ്വാഗതമോതുന്ന ബോര്‍ഡുകളും ബിജെപി പതാകകളും നിറഞ്ഞു കഴിഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി എം.ടി. രമേശും തൃശ്ശൂരില്‍ തങ്ങി ഒരുക്കങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: