അയോധ്യ: ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ലോകമാകെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് അയോധ്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളില്‍ ശ്രീരാമ ജ്യോതി തെളിക്കണം, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം റെയില്‍വെ സ്റ്റേഷന് തുടങ്ങി 17,500 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ശ്രീരാമചന്ദ്ര കീ ജയ് എന്ന് പ്രധാനമന്ത്രിക്കൊപ്പം ജനങ്ങള്‍ ഏറ്റുചൊല്ലിയത് ആവേശമായി.
അയോധ്യയിലെ രാമക്ഷേത്രം എന്ന ചരിത്ര നിമിഷം നമ്മുടെ ജീവിത കാലത്ത് യാഥാര്‍ഥ്യമാകുകയാണ്. പുതിയ ഊര്‍ജ്ജത്തോടെ നമുക്കതിനെ വരവേല്‍ക്കാം. പൗരാണികതയും ആധുനികതയും സമന്വയിപ്പിച്ച് ഭാരതം മുന്നേറുകയാണ്. വികസന പദ്ധതികള്‍ ദേശീയ ഭൂപടത്തില്‍ അയോധ്യയെ പുനഃസ്ഥാപിക്കും. ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ഓരോ കണികയുടെയും പോലും സേവകനാണ് താന്‍, പ്രധാനമന്ത്രി തുടര്‍ന്നു.
മകര സംക്രാന്തി ദിനമായ ജനുവരി 14 മുതല്‍ രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുചീകരണ യജ്ഞങ്ങളോടെ രാമക്ഷേത്ര ഉദ്ഘാടനത്തെ ആഘോഷമാക്കണം. ജനുവരി 22ന് എല്ലാവരും അയോധ്യയിലെത്തേണ്ടതില്ല. എല്ലാവര്ക്കും ആ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാനെത്തണമെന്ന ആഗ്രഹമുണ്ട്, എനിക്കറിയാം. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത്രയധികം പേരെ ഉള്‍ക്കൊള്ളാനാകില്ല. 23 മുതല്‍ എല്ലാവര്ക്കും അയോധ്യയിലെത്താം. 550 വര്‍ഷം നാം കാത്തിരുന്നില്ലേ, കുറച്ചു കൂടി കാത്തിരിക്കൂ, പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
അയോധ്യയില്‍ പുരോഗതിയുടെ ആഘോഷമാണ്. കുറച്ചു ദിവസത്തിനു ശേഷം പാരമ്പര്യത്തിന്റെ ഉത്സവം നടക്കാന്‍ പോകുന്നു. ഇന്ന് നാം വികസനത്തിന്റെ മഹത്വം കാണുന്നു. കുറച്ചു ദിവസത്തിനു ശേഷം പൈതൃകത്തിന്റെ ദിവ്യത്വം അനുഭവിക്കാനാകും. വികസനത്തിന്റെയും പൈതൃകത്തിന്റെയും ഈ കൂട്ടായ ശക്തിയാണ് ഭാരതത്തെ മുന്നോട്ടു നയിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: