പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച സിനിമയാണ് ‘കാതൽ ദി കോർ’. മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23നാണ് തിയറ്റർ റിലീസ് ചെയ്തത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച് സ്ലോ ഫേസിൽ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളും ഗംഭിര അഭിപ്രായങ്ങൾ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമിപ്പോൾ ഇന്റർനാഷണൽ ലെവലിലിലും ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് ‘ദ ന്യൂയോർക്ക് ടൈംസ്’ രംഗത്തെത്തി.
“പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമ. പ്രണയിതാക്കൾ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടൽ മൺസൂൺ മഴയിൽ നേത്ര സമ്പർക്കത്തിന്റെ ക്ഷണികമായ നിമിഷമാണ്. കാർ ചേസുകളും സ്റ്റണ്ടുകളുമില്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് ‘ദ ന്യൂയോർക്ക് ടൈംസ്’ൽ ‘കാതൽ ദി കോർ’നെ കുറിച്ചുള്ള വാർത്ത ആരംഭിക്കുന്നത്.
മധ്യവയസ്കനായ ഒരു രാഷ്‌ട്രീയക്കാരനെക്കുറിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ‘കാതൽ ദി കോർ’ എന്ന സിനിമ കഴിഞ്ഞ മാസം റിലീസ് ചെയ്തപ്പോൾ അത് വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടി. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സ്വവർഗ്ഗാനുരാഗിയുടെ വേഷം സ്വീകരിച്ചത്. അദ്ദേഹത്തെ വളരെ സെൻസിറ്റീവായ് ചിത്രീകരിച്ചു. 1.4 ബില്യൺ ജനങ്ങളുള്ള വിശാലമായ രാജ്യത്ത് നിരവധി പ്രാദേശിക വ്യവസായ ഗവേഷകരുണ്ട്. അവരുടെ ഭാഷ പോലെ വ്യത്യസ്തമായ ശൈലികളോടെ മലയാള സിനിമ അറിയപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കാതൽ ദി കോർ’ എന്ന് ‘ദ ന്യൂയോർക്ക് ടൈംസ്’ രേഖപ്പെടുത്തി.
മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ‘കാതൽ ദി കോർ’ൽ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ചിത്രം മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളും പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: