ഹാഥ്രസ്: ഉത്തര്‍പ്രദേശില്‍ എല്ലാം മാറുകയാണ്. ലോകം അയോധ്യയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായതോടെ ഗ്രാമങ്ങളും നഗരങ്ങളുമൊക്കെ വലിയ വരവേല്പിന് ഒരുങ്ങുന്നു. വീടുകളോട് ചേര്‍ന്ന് ഹോം സ്റ്റേകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാവരും തയാറെടുക്കുകയാണ്. ഹാഥ്രസുകാര് ബാലകരാമന് പൂജാസാമഗ്രികളൊരുക്കിയാണ് ഈ മുന്നേറ്റത്തില്‍ പങ്കാളികളാകുന്നത്.
ഉത്തര്‍പ്രദേശിലെ പരമ്പരാഗത വ്യവസായകേന്ദ്രങ്ങളിലൊന്ന് എന്ന് അറിയപ്പെടുന്ന ഹാഥ്രസില്‍ ഇപ്പോള്‍ നൂറിലേറെ വീടുകളിലാണ് പൂജാസാമഗ്രികള്‍ തയാറാക്കുന്ന യൂണിറ്റുകള്‍ ആരംഭിച്ചത്. ചന്ദനം, കുങ്കുമപ്പൂവ്, മഞ്ഞള്‍പ്പൊടി, പൂക്കള്‍, അഗര്‍ബത്തി തുടങ്ങിയ പൂജാസാമഗ്രികള്‍ തെരുവോരക്കടകളിലെങ്ങും നിറയുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ഇനിയും 22നാള് ഉണ്ടെങ്കിലും അയോധ്യയിലെ ഹനുമാന് ഗഡി മന്ദിരത്തിലേക്ക് ഇപ്പോള്‍ത്തന്നെ തീര്‍ത്ഥാടകരുടെ ഒഴുക്കുണ്ട്.
പൂജാസാമഗ്രികള്‍ തയാറാക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം കൂടി നല്‍കിയതോടെ ജനങ്ങള്‍ ആവേശത്തിലാണ്. ചുരുങ്ങിയ നാളുകള്‍ക്കിടെ പന്ത്രണ്ടോളം ഫാക്ടറികളാണ് ഈ ലക്ഷ്യത്തോടെ ഹാഥ്രസില്‍ മാത്രം ഉയര്‍ന്നത്. ഓരോ ദിവസവും ഇവിടെ നിന്ന് പൂജാവസ്തുക്കള്‍ അയോധ്യയിലേക്ക് കൊണ്ടുപോകും. അവിടെ ചെറിയ ചെറിയ കടകളിലൂടെ ഇത് വിതരണം ചെയ്യും.
കുങ്കുമപ്പൂവ്, ചന്ദനത്തിരി, ചന്ദനം, നെയ്യ് അടക്കം ഹവനത്തിനുള്ള വസ്തുക്കള്‍, ധൂപം, പൂജാ കിറ്റ്, അശ്വഗന്ധം, കല്‍ക്കണ്ടം തുടങ്ങിയവയാണ് കൂടുതലായി അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ഇവയ്ക്ക് അഞ്ച് ശതമാനം നികുതിയേ ഉള്ളൂ എന്നതും സംരംഭകര്‍ക്ക് പ്രയോജനം ചെയ്യും. രണ്ടായിരത്തോളം പേര്‍ക്ക് പൂജാസാമഗ്രി വ്യാപാരത്തിലൂടെ മാത്രം വരുമാനം നേടാന്‍ കഴിയുന്നു എന്നതാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: