ലക്‌നൗ: രാമഭക്തരുടെ സ്വപ്‌നം പൂവണിയാൻ ഇനി ദിവസങ്ങൾ മാത്രം. ശ്രീരാമപട്ടാഭിഷേകത്തിനും ക്ഷേത്ര-അനുബന്ധ ഉദ്ഘാടന കാര്യങ്ങൾക്കുമായി പുണ്യനഗരി സജ്ജമായി കഴിഞ്ഞു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജനുവരി 22-നാണ് ഭക്തർ കാത്തിരുന്ന സുവർണ നിമിഷം യാഥാർത്ഥ്യമാകുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മം പ്രധാനമന്ത്രി നിർവഹിക്കുക രാംലല്ലയ്‌ക്ക് മുന്നിലെ തിരശീല നീക്കിയാകും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
രാമന്റെ മുഖത്തിന് നേർക്ക് കണ്ണാടി കാണിക്കും. ഇതിന് ശേഷം ദോഷദൃഷ്ടി പതിയാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൺമഷി ഉപയോഗിച്ച് രാമന്റെ കണ്ണെഴുതും. ഇതിന് ശേഷം തങ്കനൂലിൽ നെയ്ത വസ്ത്രം ധരിപ്പിക്കും. ഈ വേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ജ് ബെൻ പട്ടേൽ എന്നിവരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ സന്നിഹിതരായിരിക്കും. സർസംഘ് ചാലക് മോഹൻ ഭാഗവതും ശ്രീകോവിലിൽ സന്നിഹിതനായിരിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
മുഖ്യാചാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ കാർമികത്വത്തിലാകും പൂജകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലല്ലയെ ഒരുക്കിയതിന് ശേഷമാകും നഗര പ്രദിക്ഷണത്തിന് വിഗ്രഹം എഴുന്നള്ളിക്കുക. അന്നേ ദിവസം ഉച്ചയ്‌ക്ക് 12:29:8-ൽ ആരംഭിച്ച് 12:30:32-ൽ അവസാനിക്കുന്ന 84 സെക്കൻഡുള്ള ശുഭമുഹൂർത്തത്തിലാകും പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 56 വിഭവങ്ങളാണ് അന്ന് ഭഗവാന് നേദിക്കുക. ദീപാരാധനയോടനുബന്ധിച്ച് ആരതി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് സരയൂ നദിയിലെ ജലം തളിച്ച് പരിസരം ശുദ്ധമാക്കും. ജനുവരി 15-മുതൽ ക്ഷേത്രത്തിലെ പൂജ ചടങ്ങുകൾക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: