രാഷ്‌ട്രത്തിന്റെ മനസ്സിനൊപ്പം നില്‍ക്കേണ്ട കാലത്തൊന്നും കോണ്‍ഗ്രസ് അതു നിര്‍വഹിച്ചിട്ടില്ല. ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ച ആ പാര്‍ട്ടിയുടെ നിലപാടുകള്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം രാഷ്‌ട്ര വിരുദ്ധമായതില്‍ അസ്വാഭാവികത ഇല്ലതാനും. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് അയോധ്യയില്‍ തകര്‍ത്തെറിയപ്പെട്ട രാഷ്‌ട്രത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് അതില്‍ കാഴ്ചക്കാരുടെ റോള്‍ പോലും ആവശ്യമില്ല. എന്നിട്ടും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് പ്രത്യേക ക്ഷണപത്രം അയക്കാനായിരുന്നു അയോധ്യാ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
രാജ്യത്തെ പ്രധാന രാഷ്‌ട്രീയ കക്ഷികളുടെ നേതാക്കള്‍ക്കും ട്രസ്റ്റിന്റെ ഭാഗത്തുനിന്നുള്ള ക്ഷണപത്രം പോയി. പ്രമുഖരായ ആറായിരത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണക്കത്ത് ട്രസ്റ്റ് അയച്ചത്. പ്രതിപക്ഷത്തെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഒഴികെ മറ്റെല്ലാവരും തന്നെ അയോധ്യയിലെ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചതില്‍ അത്യാഹ്ലാദിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് ഭക്ത ജനങ്ങളാണ് അയോധ്യയിലേക്ക് എത്താനായി മനസാല്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ പതിവു പോലെ വിഷം വമിപ്പിക്കുന്ന പ്രചാരണം ആദ്യം തുടങ്ങിയത് സിപിഎം ആയിരുന്നു. അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിനാല്‍ തന്നെ ക്ഷണം നിരസിക്കുന്നുവെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയമാണ് യെച്ചൂരിയുടെ ലക്ഷ്യമെന്ന് കേരളത്തിലെയും ബംഗാളിലെയും സിപിഎം നേതാക്കളുടെ തുടര്‍ പ്രസ്താവന ബോധ്യമാക്കി.
സ്വന്തം പേരില്‍ സീതയും രാമനും ഉള്ള ഒരാള്‍ക്കെങ്ങനെ ഇത്തരം നിലപാടുകളെടുക്കാന്‍ കഴിയുമെന്ന പരിഹാസമാണ് കേന്ദ്രമന്ത്രിമാരും വിശ്വഹിന്ദു പരിഷത്ത് നേതൃത്വവും യെച്ചൂരിക്കുള്ള മറുപടിയായി നല്‍കിയത്. ബംഗാളിലെ മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ച് മമതാ ബാനര്‍ജിയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. എന്നാല്‍ ക്ഷണം ലഭിച്ചാല്‍ ക്ഷേത്ര ഉദ്ഘാടനത്തിന് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സമാജ് വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും ക്ഷേത്ര ഉദ്ഘാടനത്തില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്ന ജെഡിയു നേതൃത്വത്തിന്റെ പ്രസ്താവനകളും പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളിലെ ഭിന്നത വ്യക്തമാക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിനായി മുന്നില്‍ നിന്നു പ്രക്ഷോഭം നയിച്ച ശിവസേനാ നേതാവ് ബാലാസാഹേബ് താക്കറേയുടെ മകന്‍ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക് പോകുമോ എന്നതാണ് ഉയരുന്ന സംശയം.
എന്നാല്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. പോകാനും വയ്യ, പോകാതിരിക്കാനും വയ്യ എന്നതാണ് അവരുടെ അവസ്ഥ. ഏറ്റവും കൂടുതല്‍ എംപിമാരെ നല്‍കിയ കേരളാ ഘടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന് വലിയ സമ്മര്‍ദ്ദമാണ് ക്ഷണം നിരസിക്കാനായി ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട് കോണ്‍ഗ്രസും സമാന നിലപാടിലാണ്. എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നാലുള്ള ഭവിഷ്യത്തുകള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കണമെന്ന നിലപാട് മധ്യപ്രദേശ്, യുപി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി പങ്കുവെച്ചു. പല സംസ്ഥാനങ്ങളിലെയും നേതാക്കളും പരസ്പര വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ ആരംഭിച്ചതോടെ അയോധ്യാ വിഷയത്തില്‍ യാതൊരു പ്രസ്താവനയും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.
ഇതിനിടെയാണ്, താനൊരു തമിഴ്നാട്ടുകാരിയാണെന്നും തനിക്ക് രാമനെ അറിയില്ലെന്നുമുള്ള കോണ്‍ഗ്രസ് നേതാവും കരൂര്‍ ലോക്സഭാംഗവുമായ ജ്യോതിമണിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിവാദമായി പടരുന്നത്. തമിഴ്നാട്ടിലൊരിടത്തും ശ്രീരാമന്റെ ക്ഷേത്രങ്ങളില്ലെന്നും രാമനാരാണെന്നറിയില്ലെന്നുമുള്ള ജ്യോതിമണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തമിഴ്നാട്ടിലെ നൂറുകണക്കിന് ശ്രീരാമ ക്ഷേത്രങ്ങളുടെ പേരുകളും രാമായണവുമായി ബന്ധപ്പെട്ടുള്ള തമിഴ്നാട്ടിലെ നൂറുകണക്കിന് സ്ഥലനാമങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനയെ തുറന്നുകാട്ടുകയാണ് പലരും. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനാണ് തിരിച്ചടി നല്‍കിയത്.
കേരളത്തില്‍ തീവ്ര ഇസ്ലാമിക സംഘടനയായ കേരളാ ജമായത്തുള്‍ ഉലമ(സമസ്ത)യും മുസ്ലിംലീഗുമാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ എതിര്‍ക്കുന്ന പ്രധാന കക്ഷികള്‍. ഇവരുടെ വലിയ ഭീഷണിയാണ് കോണ്‍ഗ്രസിന് മേലുള്ളത്. ഒപ്പം സിപിഎമ്മിന്റെ കുത്തിത്തിരുപ്പ് കൂടിയാകുമ്പോള്‍ കേരളാ രാഷ്‌ട്രീയം ഒരിക്കല്‍ക്കൂടി ഇസ്ലാമിക വിഘടനവാദ അജണ്ടകള്‍ക്ക് വഴങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ തലത്തിലും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ അജണ്ടയ്‌ക്ക് മുന്നില്‍ മുട്ടുകുത്തുമോ എന്നത് വരും നാളുകളില്‍ കണ്ടറിയാം.
അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, രാമന്‍ എല്ലാവരുടേതുമാണെന്ന പ്രസ്താവന നടത്തുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അത്. ബാബറി മസ്ജിദിന്റെ ഗേറ്റ് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണെന്ന് മറക്കരുതെന്ന പ്രസ്താവനയുമായി കമല്‍നാഥും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനുള്ള തന്ത്രങ്ങളായിരുന്നു നേതാക്കളുടെ ഈ പ്രസ്താവനകളെന്ന് വ്യക്തമായറിയാവുന്ന വടക്കന്‍ ഭാരതത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ബാക്കിപത്രം.
രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണപത്രം ലഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും സാധിക്കുന്നില്ല. രാജ്യവിഭജനത്തിന് തന്നെ വഴിവെച്ച മുസ്ലിംലീഗുമായി സ്വതന്ത്രഭാരതത്തില്‍ സഖ്യം തുടര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വെറുമൊരു പ്രാദേശിക പാര്‍ട്ടിയായി അപ്രസക്തമായി നിലനില്‍ക്കുന്ന മുസ്ലിം ലീഗ് ഇന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പുറംതിരിഞ്ഞു നില്‍ക്കാറുള്ള കോണ്‍ഗ്രസിന് രാമക്ഷേത്ര ഉദ്ഘാടന വേളയിലും മറിച്ചൊരു നിലപാട് ഉണ്ടാവാന്‍ തരമില്ല. പ്രത്യേകിച്ച് ഇടതു ലിബറലുകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയില്‍ നിന്ന് മറിച്ചൊരു നിലപാടുണ്ടായാല്‍ അത് അത്ഭുതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: