ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞ നിതീഷ് കുമാറിന് ഇന്‍ഡ്യാ മുന്നണിയുടെ ചെയര്മാന് പോലും ആകാന്‍ കഴിഞ്ഞില്ലെന്ന് പ്രശാന്ത് കിഷോറിന്റെ പരിഹാസം. വെള്ളിയാഴ്ച ജെഡിയു ദേശീയ പ്രസിഡന്റ് ലാലന് സിങ്ങ് രാജിവെയ്ക്കുകയും നിതീഷ് കുമാര്‍ തന്നെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് പ്രശാന്ത് കിഷോറിന്റെ ഈ പരിഹാസം ഉയര്‍ന്നത്.
നിതീഷ് കുമാര്‍ ആരുമല്ലാതാകുമെന്നും മുഖ്യമന്ത്രി കസേരയില്‍ നിന്നുള്‍പ്പെടെ പുറത്താകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാര്‍ തന്റെ പിന്‍ഗാമിയായി തന്നെ കൊണ്ടുവന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അതില്‍ നിന്നും പിന്നാക്കം പോയി. ആരെയും വിശ്വാസമില്ലാത്ത ഒരു നേതാവാണ് നിതീഷ് കുമാര്‍. – പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അതുതന്നെയാണ് ലാലന് സിങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും വിശ്വാസമില്ലാതായപ്പോള്‍ ലാലന്സിങ്ങിനെ പുറത്താക്കുകയായിരുന്നു നിതീഷ് കുമാറെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മാത്രമല്ല, ഈയിടെ ദല്‍ഹിയില്‍ നടന്ന ഇന്ത്യാ മുന്നണിയോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുകയായിരുന്നു മമതയും അരവിന്ദ് കെജ്രിവാളും. അതോടെ ദേഷ്യപ്പെട്ട് യോഗത്തില്‍ നിന്നും നിതീഷ് ഇറങ്ങിപ്പോവുകയായിരുന്നു എന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: