കൊല്ലം: ഒന്നര പതിറ്റാണ്ടിന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് കൊല്ലം ചിലങ്ക കെട്ടുമ്പോള്‍, ദേശിംഗനാട്ടില്‍ കപ്പുയര്‍ത്താനുള്ള ആവേശത്തില്‍ ജില്ലകള്‍. നിലവിലെ ജേതാക്കളായ കോഴിക്കോട് 21-ാം തവണയും കപ്പുയര്‍ത്തുക എന്ന സ്വപ്നവുമായി കൊല്ലത്തേക്ക് എത്തുമ്പോള്‍, കഴിഞ്ഞ തവണ കൈവിട്ട കപ്പ് തിരികെ പിടിക്കാനാണ് പാലക്കാട് എത്തുന്നത്. 1965ന് ശേഷം ഒന്നുകൂടി ജേതാക്കളാകുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം ആതിഥ്യമരുളുന്നത്. തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ ജില്ലകളും ഒപ്പത്തിനൊപ്പമുണ്ട്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തില്‍ 945 പോയന്റ് നേടിയാണ് കോഴിക്കോട് 117.5 പവന് സ്വര്‍ണ കപ്പ് നേടിയത്. പാലക്കാട് 925 പോയിന്റുമായി, കണ്ണൂരിനൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടപ്പോള്‍ 915 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. 1957ല്‍ കേവലം ഇരുനൂറോളം വിദ്യാര്‍ത്ഥികളുമായി ഒരു ദിവസം നടന്ന സ്കൂള്‍ കലോത്സവം,
ഇന്ന് 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാര്‍ത്ഥികള്‍ 24 വേദികളിലായി മാറ്റുരയ്ക്കുന്ന മഹോത്സവമായി മാറിയപ്പോഴും കലോത്സവ വേദിയില്‍ കോഴീക്കോടിന്റെ തിളക്കത്തിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല. ഇന്നത്തെ കണ്ണൂരും കാസര്‍കോടും അടങ്ങിയ വടക്കേ മലബാര്‍ ജില്ലയായിരുന്നു ആദ്യ കലോത്സവത്തിലെ ചാമ്പ്യന്മാര്. 1959ല്‍ പാലക്കാട് നടന്ന കലോത്സവത്തിലായിരുന്നു കോഴീക്കോടിന്റെ ആദ്യ കിരീടധാരണം.
കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ജില്ലയും തുടര്‍ച്ചയായി കൂടുതല്‍ തവണ കിരീടം ചൂടിയ ജില്ലയും കോഴിക്കോടാണ്. 1991ല്‍ കാസര്‍കോട് നടന്ന കലോത്സവത്തില്‍ തുടങ്ങി 1993ലെ തൃശൂര്‍ കലോത്സവത്തില്‍ കോഴിക്കോട് ആദ്യം ഹാട്രിക്ക് സ്വന്തമാക്കി. പിന്നീടങ്ങോട്ടും ഹാട്രിക്ക് നേട്ടം കോഴിക്കോട് ആഘോഷിച്ചു.
2007ല്‍ കണ്ണൂരില്‍ നടന്ന കലോത്സവം മുതല്‍ 2018ല്‍ തൃശൂരില്‍ നടന്ന കലോത്സവം വരെ തുടര്‍ച്ചയായി 12 വര്‍ഷങ്ങളിലും സ്വര്‍ണക്കപ്പ് കോഴിക്കോടിന്റെ കൈയില്‍ ഭദ്രമായിരുന്നു. ഇതില്‍ 2015ല്‍ കോഴിക്കോട്ട് നടന്ന കലോത്സവത്തില്‍ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു. 2019ലും 20ലും സ്വര്‍ണക്കപ്പ് പാലക്കാട് കൊണ്ടുപോയെങ്കിലും കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്തില്‍ വച്ച് കോഴീക്കോട് കപ്പ് തിരികെ പിടിച്ചു. ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ ചാമ്പ്യന്മാരായതിന്റെ റിക്കാര്‍ഡും കോഴിക്കോടിനാണ്. 2007ല്‍ പാലക്കാടിനെ കേവലം ഒരു പോയിന്റിന് മറികടന്നാണ് കോഴിക്കോട് അന്ന് കപ്പില്‍ മുത്തമിട്ടത്.
കലോത്സവമെന്നാല്‍ ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായി മാറിയിരുന്നു. 17 തവണയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. എന്നാല്‍ 90 മുതല്‍ ഇങ്ങോട്ട് ഒരു തവണ പോലും ചാമ്പ്യന്‍ഷിപ്പ് നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അഞ്ച് തവണ തൃശൂരും നാല് തവണ വീതം പാലക്കാടും കണ്ണൂരും എറണാകുളവും ആലപ്പുഴയും രണ്ട് തവണ കോട്ടയവും കലോത്സവത്തില്‍ ജേതാക്കളായിട്ടുണ്ട്.
61 കലോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ആതിഥ്യമരുളാന്‍ സാധിച്ചതും കോഴിക്കോട് ജില്ലയാണ്. എട്ടു തവണ. ഏഴ് തവണ വീതം എറണാകുളവും തൃശൂരും ആതിഥേയത്വം വഹിച്ചു. ആറ് തവണ തലസ്ഥാന നഗരിയിലുമെത്തി കലോത്സവം. ഇതു നാലാം തവണയാണ് കൊല്ലം ആതിഥ്യമരുളുന്നത്. 1988, 1999, 2008ലുമാണ് ഇതിനു മുന്‍പ് കലോത്സവം കൊല്ലത്ത് എത്തിയത്. ഇതുവരെയും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏക ജില്ല വയനാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: