ന്യൂദല്‍ഹി: മുന്‍ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ് ഭാരതത്തിന്റെ നയന്ത്രവിജയമെന്നത് ലോകം അംഗീകരിച്ചു കഴിഞ്ഞു. കോടതി മുതല്‍ ഖത്തര്‍ ഭരണാധികാരി തലത്തില്‍ വരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കാന്‍ ഭാരതത്തിന് സാധിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഖത്തര്‍ വധശിക്ഷയ്ക്കു വിധിച്ച നാവികരെ തിരികെ രാജ്യത്തെത്തിക്കുമെന്നും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന കാര്യമാണന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് വധശിക്ഷയില്‍ നിന്നുള്ള മോചനം സാധ്യമായത്
‘സെന്‍സിറ്റീവ് വിഷയമാണ്. വാര്‍ത്തകള്‍ നല്കുന്നതില് സംയമനം പാലിക്കണം. നാവികരെ തിരിച്ചുകൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയാണ്’ എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടിന്റെ ആദ്യഘട്ട വിജയമാണ് വധശിക്ഷ ഒഴിവാക്കല്‍. ഇനി നാട്ടിലെത്തിക്കുക എന്ന ദൗത്യമാണ് മുന്നില്‍.
ഇരുരാജ്യങ്ങളും തമ്മില്‍ 2015 ല്‍ ഒപ്പിട്ട കറാര്‍ ആണ് പിടിവളളി. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലേയും പൗരന്മാര് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ജയില്‍ ശിക്ഷയുടെ ശേഷിക്കുന്ന ഭാഗം സ്വന്തം നാട്ടിലെ ജയിലില്‍ അനുഭവിക്കാന്‍ അനുമതി നല്കുന്നു.
വധശിക്ഷ ഇളവു ചെയ്ത ഖത്തറിലെ അപ്പീല്‍ക്കോടതിവിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷമായിരുക്കും ഭാരതത്തിന്റെ അടുത്ത നടപടി. 2015 ലെ കരാര്‍ പ്രകാരം മുന്‍ നാവികരെ നാട്ടിലെത്തിക്കുക വേഗത്തിലാക്കാനാകും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തുക.നാവിക സേനാംഗങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഔദ്യോഗികമായി പരസ്യമാക്കിയിട്ടില്ലെങ്കിലും, ഖത്തര്‍ അമീരിക്ക് വേണ്ടി വിപുലമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയെക്കുറിച്ച് ഇസ്രായേലിന് രഹസ്യാന്വേഷണം കൈമാറി എന്നതാണ് കുറ്റമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: