അയോധ്യ നഗരത്തിന് 500 വര്‍ഷത്തെ പണിയാണ് ബാക്കി കിടക്കുന്നത്. രാമക്ഷേത്രം തകര്‍ത്തെറിഞ്ഞ 1520കളില്‍ നിലച്ചൂ അയോധ്യയുടെ വികസനം. മുഗളരും ബ്രിട്ടീഷുകാരും അയോധ്യയെ അവഗണിച്ചു. രാമനില്ലാത്ത അയോധ്യ നിശ്ചലമായിപ്പോയിരുന്നു. സുപ്രീം കോടതി വിധി വന്നതു മുതല്‍ അയോധ്യ മാറുകയാണ്.
ഇന്നു രാജ്യത്ത് ഏറ്റവുമധികം നിര്‍മാണം നടക്കുന്ന നഗരമാണിത്. യുപി, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളത്രയും അയോധ്യയിലുണ്ട്. ഓരോ വീടും പുനര്‍ നിര്‍മിക്കുന്നു, തെരുവുകളെല്ലാം വീതി കൂട്ടുന്നു, പഴയ കെട്ടിടങ്ങള്‍ ഹോട്ടലുകളോ അതിഥി മന്ദിരങ്ങളോ ആകുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പോലുമില്ലാതിരുന്ന അയോധ്യയില്‍ ഇതുവരെ ലഭിച്ചത് 100 പഞ്ചനക്ഷത്ര ഹോട്ടലിനുള്ള അപേക്ഷകളാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തുന്നു. 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒപ്പം ഉയരുകയാണ്.
അയോധ്യയില്‍ വീതി കൂട്ടിയ റോഡുകള്‍ക്കിരുവശവുമുള്ള കെട്ടിടങ്ങളുടെ മുന്‍വശം ഒരേ ആകൃതിയിലാണ് നിര്‍മിക്കുന്നത്. ഒരേ നിറവും ഒരേ മുഖവും. പുതിയ റെയില്‍പ്പാതകള്‍ മുതല്‍ അത്യന്താധുനിക റെയില്‍വെ സ്റ്റേഷനും പുതിയ ട്രെയിനുകളും. അന്താരാഷ്ട്ര വിമാനത്താവളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും. നൂറു വര്‍ഷം മുന്നില്‍ക്കണ്ടുള്ള ആസൂത്രണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അയോധ്യ നഗര്‍ നിഗമും നിര്‍വഹിക്കുന്നത്. 1000 കോടി രൂപ മുടക്കി മൂന്നു പ്രധാന റോഡുകള്‍ വീതികൂട്ടി. നഗരത്തില്‍ 32,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കുന്നു. സരയൂ തീരത്തെ നയാ ഘട്ട് മുതല്‍ സഹദത്ഗഞ്ച് വരെയുള്ള 13 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടിയത്. 800 കടകളും വീടുകളും ഇതിനായി നഷ്ടപരിഹാരം നല്കി പൊളിച്ചുനീക്കി. ഇവിടങ്ങളിലെല്ലാം പുതിയ കടകള്‍ പിറകിലേക്കു നീക്കിപ്പണിതിരിക്കുന്നു. പതിറ്റാണ്ടുകളായി അയോധ്യയിലെ കടമുറി വാടക വെറും 75 രൂപ ആയിരുന്നു. ഇതാണ് മാസം പതിനായിരത്തിലേക്കും പതിനയ്യായിരത്തിലേക്കും ഉയര്‍ന്നിരിക്കുന്നതെന്ന് ഹനുമാന് ഗഡി ക്ഷേത്ര പൂജാരി രാജു ദാസ് പറയുന്നു.
നഗരത്തില്‍ 200 വലിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ചെറുതും വലുതുമായ നിര്‍മാണങ്ങള്‍ മാത്രം ലക്ഷത്തിലധികം വരും. ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം നിര്‍മാണ മേഖലയില്‍ ശതകോടികളുടെ നിക്ഷേപമാണ് പ്രവഹിക്കുന്നത്. അയോധ്യ മനോഹരമായി ഒരുങ്ങുകയാണ്. 500 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന സ്വന്തം രാമനെ വരവേല്‍ക്കാനുള്ള ആഘോഷമാണിതെന്ന് അയോധ്യയുടെ മുഖം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: