തൃശ്ശൂര്‍: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും പ്രാണപ്രതിഷ്ഠക്ക് ക്ഷണിച്ചിട്ടുണ്ട്.
ചിലര്‍ പങ്കെടുക്കാമെന്നും ചിലര്‍ ഞങ്ങള്‍ ഇല്ല എന്നും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് മാത്രം നിലപാടില്ല. മത വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയാണ്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലപാടില്‍ നിന്നും എന്താണ് കോണ്‍ഗ്രസ് പിന്നോട്ട് പോവുന്നത്? കേരളത്തിലെ കോണ്‍ഗ്രസ് മറുപടി പറയണം. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അധ്യക്ഷത വഹിക്കവെ സുരേന്ദ്രന് പറഞ്ഞു.
ബിജെപി എല്ലാ വിഭാഗം ജനങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടാണ് സ്നേഹയാത്രയെ ക്രൈസ്തവ സമൂഹം സന്തോഷത്തോടെ വരവേറ്റത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ക്രിസ്ത്യന്‍ വിശ്വാസികളിലെത്തിക്കാന്‍ സാധിച്ചു. മോദിയല്ലാതെ മറ്റൊരു രക്ഷ കേരളത്തിനില്ല. തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് വമ്പന്‍ വരവേല്പ് ലഭിക്കും. കേരള ജനത പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ്.
നവകേരള സദസ് കേരളത്തെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു. സമ്പൂര്‍ണ ഭരണസ്തംഭനമാണ് കേരളത്തില്‍. ശബരിമലയില്‍ തീര്‍ത്ഥാടകരോട് വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, സി.കെ. പദ്മനാഭന്, ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: