എ.ജെ. ശ്രീനി
(എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്)
സുസ്മേരവദനം, അതിന് മോടികൂട്ടുന്ന നീളന്‍ ഗോപിക്കുറി, അതും ചന്ദനപൊട്ട്. അതിനി നാം കാണുകയില്ല. ഇന്നലെ അന്തരിച്ച മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി. ഗംഗാധരന് എന്ന ഗംഗാധരേട്ടനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വളരെ കുറച്ചുമാത്രം സംസാരിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
റെയില്‍വെയില്‍ പേഴ്സണല്‍ ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചെറുപ്രായത്തില്‍ത്തന്നെ മൂത്താന്തറയിലെ ശാഖയില്‍ പോയിത്തുടങ്ങി. അവിടെനിന്നു തുടങ്ങിയ സംഘബന്ധം മരിക്കുന്നതുവരെയും തുടര്‍ന്നു.
ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയില്‍ ബിഎംഎസ് യൂണിയന് ആരംഭിക്കുന്നതിന് ബിഎംഎസ് നേതാവായിരുന്ന പരേതനായ രാ.വേണുഗോപാല്‍ ചുമതല ഏല്‍പ്പിച്ചത് ഗംഗാധരനെയായിരുന്നു. അന്ന് ബിഎംഎസിന്റെ പാലക്കാട് ചുമതല വഹിച്ചിരുന്ന ടി. ചന്ദ്രശേഖരനൊപ്പമാണ് സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങിയത്. ദക്ഷിണ റെയില്‍വെ കാര്‍മിക് സംഘിനെ ഇന്നത്തെ മുന്‍നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്.
മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ദത്തോപന്ത് ഠേംഗ്ഡി, രാ വേണുഗോപാല്‍, എല്‍.കെ.അദ്വാനി, മദന്‍ലാല്‍ ഖുറാന, ടി.എന്‍. ഭരതന്, കെ. ഭാസ്കര്‍റാവുജി, ഭാസ്കര്‍ജി, ആര്.ഹരി, ഒ. രാജഗോപാല്‍, പി.പരമേശ്വരന്, കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള, പി.എസ്. ശ്രീധരന്‍പിള്ള, പി.പി. മുകുന്ദന്, പാലക്കാട് വിഭാഗ് പ്രചാരക് ആയിരുന്ന പി. വാസുദേവന്‍
തുടങ്ങി ഏറെ. റെയില്‍വെയില്‍ 1970കളില്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമരക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതില്‍
ഗംഗാധരേട്ടനുമുണ്ടായിരുന്നു. അന്നുമുതല്‍ ഠേംഗ്ഡിജിയോടൊപ്പമായിരുന്നു സഹവാസം.
പിന്നീട് സമരം നടത്തിയവരെ തിരിച്ചെടുത്തപ്പോള്‍ തുടക്കത്തില്‍ പോകാന്‍ വിസ്സമതിച്ചെങ്കിലും ഠേംഗ്ഡിജിയുടെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും റെയില്‍വെയില്‍ ചേര്‍ന്നത്. കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ മൂന്ന് ടേമുകളിലായി മാനേജറായിരുന്നു. സ്കൂളിനെ ഉന്നത നിലയിലെത്തിക്കുവാന്‍ വിവിധതരത്തിലുള്ള പരിഷ്കരണ നടപടികള്‍ കൈക്കൊണ്ടിരുന്നു. അച്ഛന് കെ. ബാലന് മാസ്റ്റര്‍ ഇതേ സ്കൂളിലെ മാനേജറായിരുന്നു. മൂത്താന്തറയില് ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ കെഎസ്ബി സ്കൂള്‍ സ്ഥാപിച്ച ബാലന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന പ്രചാരകന് എസ്.സേതുമാധവന്റെ അമ്മാവന്റെ മകനാണ്. ഗംഗാധരന് നഗരത്തിലെ വിവിധ സംഘടനകളില്‍ സജീവസാന്നിധ്യം പുലര്‍ത്തിയിരുന്നു.
റോട്ടറി ക്ലബിന്റെ പ്രസിഡന്റ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ സ്ഥാപകപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാധവരാജക്ലബിന്റെയും പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ സംഘത്തിന്റെയും ബിജെപിയുടെയും കാര്യകര്‍ത്താക്കള്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പടുവാനുള്ള ഒരു പാലമായി വര്‍ത്തിച്ചുവെന്നും പറയാം.
കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ‘ഭഗവാന് കാലുമാറുന്നു…’ എന്ന കെപിഎസി നാടകത്തിനെതിരെ ഹൈന്ദവസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാനപങ്കാളിയായിരുന്നു. പാലക്കാട് ടൗണ്‍ഹാളില്‍ നാടകം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സമരം നടത്തുകയും കേസില്‍ പ്രതിയാവുകയും ചെയ്തു. സ്കൂളില്‍ പ്രധാനാധ്യാപകര്മാത്രമെ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂ എന്ന നിയമമുണ്ടെങ്കിലും അതിനെ മറികടന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെക്കൊണ്ട് കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത് ഇദ്ദേഹം മാനേജര്‍ ആയിരിക്കെയാണ്. ഇതിന്റെപേരില്‍ എന്തുസംഭവിച്ചാലും താനതിനെ നേരിട്ടുകൊള്ളുമെന്ന ചങ്കൂറ്റത്തോടെയായിരുന്നു നടപടി.
2017 ആഗസ്ത് 15ന് കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്തതും അത്യപൂര്‍വവുമായ സംഭവമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അതുപോലെ അയോധ്യയില്‍ കര്‍സേവ നടന്നപ്പോള്‍ 120 പേരുള്ള സംഘത്തെ നയിച്ചത് ഗംഗാധരനേട്ടനായിരുന്നു. മൂത്താന്തറയില് അക്ഷയ സെന്റര്‍ ആരംഭിച്ചതും ഇദ്ദേഹമാണ്.
ശാഖയില്‍ പോകുന്നതുപോലെത്തന്നെ നിര്‍ബന്ധമായിരുന്നു പുസ്തകവായനയും. സംഘത്തെ സംബന്ധിച്ചുള്ള ഏത് പുസ്തകം പുറത്തിറങ്ങിയാലും അത് വാങ്ങിക്കുകയും വായിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ പാലക്കാട് വിഭാഗ് പ്രചാരകും പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറിയുമായ പി. വാസുദേവന്റെ 90-ാം പിറന്നാള്‍ സ്വാമി ചിദാ
നന്ദപുരിയുടെ ആശ്രമത്തില്‍ ആഘോഷിച്ചപ്പോള്‍ അദ്ദേഹം കുടുംബസമേതം പങ്കെടുത്തിരുന്നു.
തിരുവാതിര നാളില്‍ വിഷ്ണുപാദം പൂകിയ ഗംഗാധരേട്ടന്റെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: