കോഴിക്കോട് : ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിലെ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. 750 പേജുകളിലായുള്ള കുറ്റപത്രം കുന്ദമംഗലം കോടതിയിലാണ് പോലീസ് സമര്‍പ്പിച്ചത്.
ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കേയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ നേഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. 2 നഴ്സുമാരും 2 ഡോക്ടറര്‍മാരും പ്രതികളാണെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍വെച്ച് അല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വാദം തെറ്റാണ്. 2017ലെ സ്കാനിങ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്താമാക്കുന്നുണ്ട്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഉപകരണം കുടുങ്ങിയതെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുുള്ളത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നഷ്ടപരിഹാരം കൂടി ലഭിച്ചാലേ നീതിപൂര്‍ണ്ണമാകുന്നുള്ളൂവെന്നും ഹര്‍ഷിന പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: