ശബരിമല: ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണറുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുന്നതായി ആക്ഷേപം. ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് എതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകളും തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൃത്യമായി ഹൈക്കോടതിയെ അറിയിക്കുന്നതിനായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.
തീര്‍ത്ഥാടകര്‍ക്ക് സുഖ ദര്‍ശനം സാധ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകളാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും കോടതി തേടിയിരുന്നത്. തീര്‍ത്ഥാടകരുടെ ദര്‍ശന സൗകര്യത്തിനായി ശ്രീകോവിലിന് തൊട്ടുമുമ്പിലുള്ള വിഐപി ദര്‍ശനം ഹൈക്കോടതി ഡിവിഷന് ബഞ്ച് രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയിരുന്നു.
എന്നാല്‍ ഇതിനു വിപരീതമായി സന്നിധാനത്തെ പ്രധാന പൂജകള്‍ കമ്മീഷണര്‍ തൊഴാറുണ്ടെന്നും പരാതിയുണ്ട്. മാത്രമല്ല പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമൂലം തിരക്കുനിയന്ത്രണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായും പതിനെട്ടാം പടിയിലെ പൊലീസിന്റെ സേവനം അവതാളത്തിലാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും, കളഭാഭിഷേകത്തിന്റെ പേരില്‍ നടന്നു വന്ന തട്ടിപ്പ് സംബന്ധിച്ച് ഉയര്‍ന്ന വിവാദവും സന്നിധാനത്തേയും ശരണപാതയിലേയും പമ്പയിലേയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയുമൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
മാത്രമല്ല, ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമല യാചക നിരോധിത മേഖലയായി കോടതി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കുറി യാചക മാഫിയാ സംഘങ്ങളുടെ നേതൃത്വത്തില്‍ രോഗികളടക്കം നിരവധി ആളുകളെയാണ് പമ്പയിലും നീലിമലയിലും അപ്പാച്ചിമേട്ടിലുമായി തമ്പടിച്ചിരുന്നത്. പോലീസിന്റെ സമയോചിത നടപടിയിലൂടെയാണ് ഇവരെ ഒരു പരിധിവരെ ഇവിടെനിന്നും ഒഴുപ്പിക്കാന് കഴിഞ്ഞത്. തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്‍പ് മാസപൂജാ വേളകളില്‍ ഇത്തരം സംഘങ്ങള്‍ സന്നിധാനം വരെ എത്തിയിരുന്നെങ്കിലും ഇവരുടെ പ്രവര്‍ത്തനം തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പ്രസാദ നിര്‍മ്മാണത്തിന് എത്തിച്ച അരവണയിലും ജീരകത്തിലും വിഷാംശം കണ്ടെത്തിയ സംഭവവും അടക്കം കോടതിയുടെ ശ്രദ്ധയില്‍ ആദ്യം എത്തിക്കേണ്ട ചുമതല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് ആയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായ ശേഷം വിഷയങ്ങളില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ശബരിമലയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം സേവനമനുഷ്ടിച്ചിട്ടും ഇവിടുത്തെ തിരക്ക് നിയന്ത്രിക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദ്ദേശവും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: