മോസ്കോ: അന്താരാഷ്ട്ര ബന്ധങ്ങളില്‍ നിരവധി തലങ്ങളില്‍ റഷ്യ ഭാരതത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മോസ്കോയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായെത്തിയ ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര ഉത്തര-സൗത്ത് കോറിഡോറിനാണ് മുഖ്യ പ്രാമുഖ്യം നല്‍കുന്നത്. ബഹിരാകാശം, ആണവ മേഖലകളിലെ സഹകരണം, ലോജിസ്റ്റിക്സ്, ബാങ്കിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോള വിഷയങ്ങളെ കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച നടത്തും. അടുത്ത വര്‍ഷം റഷ്യയുടെ ബ്രിക്സ് അദ്ധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയിലെ ഭാരത സമൂഹവുമായും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ സംവദിച്ചിരുന്നു. വ്യാപാര-സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ പുരോഗമിച്ചതെന്ന് റഷ്യന്‍ എംബസി അറിയിച്ചു. നാളെ വരെ ജയശങ്കര്‍ റഷ്യയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: