ന്യൂദല്‍ഹി: കൊപ്രയുടെ പുതിയ താങ്ങുവിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികകാര്യ സമിതി അനുമതിയേകി. 2024 സീസണില്‍ മില്‍കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,160 രൂപയാണ്. ഉണ്ടക്കൊപ്രയ്ക്ക് 12,000 രൂപയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ മില്‍കൊപ്ര ഉത്പാദിപ്പിക്കുന്ന കേരളത്തിനും തമിഴ്നാടിനും ഉണ്ടക്കൊപ്രയുത്പാദിപ്പിക്കുന്ന കര്‍ണാടകയ്ക്കും പുതിയ വില ഗുണകരമാകും.
പുതിയ വില ദേശീയ തലത്തിലുള്ള, ശരാശരി ഉത്പാദനച്ചെലവിന്റെ 1.5 ഇരട്ടിയില്‍ കൂടുതലാണ്. 2018-19ലെ കേന്ദ്ര ബജറ്റില്‍, വിളകളുടെ താങ്ങുവില, രാജ്യം മൊത്തമുള്ള ഉത്പാദനച്ചെലവിന്റെ 1.5 ഇരട്ടിയായി നിശ്ചയിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
2014-15ല്‍ മില്‍കൊപ്രയ്ക്കും ഉണ്ടക്കൊപ്രയ്ക്കും താങ്ങുവില ക്വിന്റലിന് യഥാക്രമം 5250 രൂപയും 5500 രൂപയുമായിരുന്നതാണ്, 2024-25ല്‍ 11,160 രൂപയായും 12,000 ആയും കേന്ദ്രം കൂട്ടിയത്. യഥാക്രമം 113, 118 ശതമാനം വളര്‍ച്ച. 2023ലെ നടപ്പുകാലയളവില്‍ 1493 കോടി മുടക്കി 1.33 ലക്ഷം മെട്രിക് ടണ്ണിലധികം കൊപ്ര സര്‍ക്കാര്‍ സംഭരിച്ചു. ഇത് ഏകദേശം 90,000 കര്‍ഷകര്‍ക്കു പ്രയോജനപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: