ശബരിമല: നാല്പത്തൊന്നു ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങളാണ് മണ്ഡലപൂജ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയത്.
ഇന്നലെ രാവിലെ 10നും 11.30നും മധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലായിരുന്നു മണ്ഡലപൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി. തുടര്‍ന്ന് ഇരുപത്തഞ്ചുകലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകള്‍ക്കും നിവേദ്യം സമര്‍പ്പിച്ച ശേഷം ഭൂതഗണങ്ങള്‍ക്കു ഹവിസ് തൂകി. കലശപൂജയും കളഭാഭിഷേകവും കഴിഞ്ഞു നട അടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടര്‍ന്നു നട തുറന്ന് ഭക്തര്‍ക്കു ദര്‍ശനമേകി.
ഉച്ചയ്ക്ക് ഒരു മണിയോടെ അടച്ച നട, വൈകിട്ടു മൂന്നിനു വീണ്ടും തുറന്നു. ദീപാരാധനയ്ക്കു ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നു മാറ്റി അത്താഴ പൂജയ്ക്കു ശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കി. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്, സ്പെഷല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, എഡിജിപി എം.ആര്. അജിത്കുമാര്‍, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ.എസ്. സുദര്ശന് എന്നിവര്‍ മണ്ഡലപൂജയ്ക്കു സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: