(കൃഷ്ണാര്‍ജുന സംവാദത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനോട് അര്‍ജുനന്റെ ചോദ്യം)
അപകീര്‍ത്തി മരണത്തേക്കാള്‍ വേദനാജനകമാണ്. പിന്നെ എന്ത് സംഭവിക്കും ഭഗവാനെ? ഭീഷ്മര്‍, ദ്രോണാചാര്യര്‍ മുതലായ മഹാരഥികളുടെ ദൃഷ്ടിയില്‍, നീ ഏറ്റവും ശ്രേഷ്ഠനായി കണക്കാക്കപ്പെട്ടിരുന്നു. അവരുടെ ദൃഷ്ടിയില്‍ നീ നിസ്സാരനായിത്തീരും, ആ മഹാരഥന്മാര്‍, നീ മരണഭയത്താല്‍ യുദ്ധത്തില്‍ നിന്ന് ഒളിച്ചോടിയതായി കണക്കാക്കും.
ഭഗവാനെ എനിക്ക് ഇത് സഹിക്കാന്‍ കഴിയില്ലേ?
ഇല്ല, നിനക്ക് ഇത് സഹിക്കാന്‍ കഴിയില്ല, കാരണം നിന്റെ ശത്രുക്കള്‍ക്ക് അവരുടെ പക തീര്‍ക്കാന്‍ അവസരം ലഭിക്കും. അവര്‍ നിന്റെ ശക്തിയെ വിമര്‍ശിക്കുകയും നിന്നെ പറയാന്‍ പാടില്ലാത്ത പല വാക്കുകള്‍ പറയുകയും ചെയ്യും. അതിനേക്കാള്‍ സങ്കടകരമായ മറ്റെന്തുണ്ട്?
അഥവാ ഞാന്‍ യുദ്ധം ചെയ്താലോ?
യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗവും യുദ്ധത്തില്‍ ജയിച്ചാല്‍ ഭൂമിയിലെ രാജ്യവും ലഭിക്കും. അതുകൊണ്ട്, ഹേ കുന്തിനന്ദനാ! നീ യുദ്ധം ചെയ്യാന്‍ നിശ്ചയിച്ച് എഴുന്നേല്‍ക്കൂ.
യുദ്ധത്താല്‍ എന്നെ പാപം ബാധിക്കില്ലേ ഭഗവാനെ?
ഇല്ല, പാപം സ്വാര്‍ത്ഥബുദ്ധിയാല്‍ മാത്രമാണ് ഉണ്ടാവുന്നത്. അതിനാല്‍ നീ വിജയത്തിലും പരാജയത്തിലും നേട്ടത്തിലും നഷ്ടത്തിലും സുഖത്തിലും ദുഃഖത്തിലും സമബുദ്ധിയോടെ യുദ്ധം ചെയ്യൂ. ഈ രീതിയില്‍ യുദ്ധം ചെയ്യുന്നതിലൂടെ നിനക്ക് പാപം പറ്റില്ല.
യാതൊരു സമബുദ്ധിയോടെ കര്‍മ്മം ചെയ്താല്‍ അല്പം പോലും പാപം ഏല്ക്കില്ലയോ അതിന്റെ മറ്റു പ്രത്യേകതകള്‍ എന്താണ് ഭഗവാനെ?
സാംഖ്യയോഗത്തില്‍ ഈ സമബുദ്ധി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനി കര്‍മ്മയോഗത്തില്‍ ഇത് കേള്‍ക്കൂ
1. ഈ സമബുദ്ധിയാല്‍ നീ എല്ലാ കര്‍മ്മങ്ങളുടെയും ബന്ധനത്തില്‍ നിന്നും മോചിതനാകും.
2. ഈ സമബുദ്ധിയുടെ ആരംഭം പോലും നശിക്കുന്നില്ല.
3. അതിന്റെ അനുഷ്ഠാനങ്ങള്‍ ഒരിക്കലും പ്രതികൂല ഫലങ്ങള്‍ നല്‍കുന്നില്ല.
4. ഇതിന്റെ ഒരു ചെറിയ അനുഷ്ഠാനം പോലും ജനന മരണ ഭയത്തില്‍ നിന്ന് ഒരാളെ രക്ഷിക്കുന്നു.
ഇത്രയധികം മഹിമയുള്ള സമബുദ്ധി കൈവരിക്കാന്‍ എന്താണ് വഴി?
ഈ സമബുദ്ധി നേടുന്ന കാര്യത്തില്‍ ബുദ്ധി നിശ്ചയാത്മകവും (പരമാത്മപ്രാപ്തിക്ക് ദൃഢനിശ്ചയമുള്ള) ഏകവുമാണ്. എന്നാല്‍ പരമാത്മാവിനെ പ്രാപിക്കുമെന്ന് ഉറപ്പില്ലാത്ത മനുഷ്യരുടെ ബുദ്ധി ബഹുവിധവും അനന്തവും (പലതരത്തിലുള്ളതും ഒടുങ്ങാത്തതും) ആണ്.
എന്തുകൊണ്ടാണ് അവര്‍ക്ക് ഈശ്വരപ്രാപ്തി ഉറപ്പാകാത്തത്?
പാര്‍ഥാ, ഭോഗങ്ങളില്‍ മുഴുകിയവരും, കര്‍മഫലത്തെ പ്രശംസിക്കുന്ന വേദവാക്യങ്ങള്‍ ഇഷ്ടമായിട്ടുള്ളവരും, സ്വര്‍ഗമാണ് പ്രാപിക്കേണ്ടതായ പരമപദം എന്നു വിചാരിക്കുന്നവരും, സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ഠമായി ഒരു വസ്തുവുമില്ലെന്നു പറയുന്നവരുമായ അവിവേകികള്‍, ജന്മരൂപമായ കര്‍മഫലത്തെ നല്കുന്നതും ഭോഗൈശ്വര്യ പ്രാപ്തിക്കായുള്ള അനേകം കര്‍മ്മങ്ങള്‍ വര്‍ണിക്കുന്നതും പൂത്തുനില്ക്കുന്നതും മനോഹരവുമായ ഏതു വാക്കുകളാണോ പറയുന്നത്, അവയാല്‍ അപഹൃതചിത്തരും ഭോഗൈശ്വര്യങ്ങളില്‍ അത്യന്തം ആസക്തരുമായവര്‍ക്ക് പരമാത്മാവില്‍ ഉറച്ച (നിശ്ചയാത്മക) ബുദ്ധി ഉണ്ടായിരിക്കുന്നതല്ല.
ഭോഗ വിലാസങ്ങളുടെ ആസക്തിയില്‍ പെടാതിരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ഭഗവാനെ? (കൃഷ്ണാര്‍ജുന സംവാദത്തില്‍ ഭഗവാന്‍ കൃഷ്ണനോട് അര്‍ജുനന്റെ ചോദ്യം)
അല്ലയോ അര്‍ജുനാ! വേദങ്ങള്‍ ത്രിഗുണാത്മികയായ പ്രകൃതിയെ സംബന്ധിച്ചവയാണ്. പ്രേയസ്സും അതു നേടാനുള്ള ഉപായങ്ങളുമാണ് അവയില്‍ പ്രതിപാദിച്ചിരിക്കുന്നത്. അവയോടു നീ വിമുഖനായി നിത്യവസ്തുവായ പരമാത്മാവില്‍ സ്ഥിതനും സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ക്ക് അതീതനും യോഗക്ഷേമങ്ങള്‍ (അപ്രാപ്തമായതിന്റെ പ്രാപ്തിയെ ‘യോഗ’മെന്നും പ്രാപ്തവസ്തുവിന്റെ സംരക്ഷണത്തെ ‘ക്ഷേമ’മെന്നും പറയുന്നു.) ആഗ്രഹിക്കാത്തവനും ത്രിഗുണാതീതനും ആത്മനിഷ്ഠനുമായിത്തീരുക. (45)
അങ്ങനെ നിശ്ചയിച്ചുറപ്പിച്ചാല്‍ അതിന്റെ പരിണാമമെന്താണ്?
നിറഞ്ഞുകവിഞ്ഞ ജലാശയം ലഭിച്ച ഒരുവന് ഒരു ചെറുകുളം കൊണ്ടെന്തുപയോഗമുണ്ടോ, അതേയുള്ളൂ ബ്രഹ്മതത്ത്വം ഗ്രഹിച്ച ബ്രാഹ്മണന് സമസ്ത വേദങ്ങള്‍ കൊണ്ടും. അതായത് അവരുടെ മനസ്സില്‍ സംസാരത്തിനും ഭോഗത്തിനും ഒരു മഹത്വവും ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: