കോഴിക്കോട് : ക്രിസ്തുമസ് ആഘോഷത്തില്‍ നിന്ന് ഇസ്ലാമിക വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്ന സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസിയുടെ പ്രസ്താവനയെ വിമര്‍ശിച്ച മന്ത്രി വി അബ്ദുറഹ്മാനെതിരെ എസ്.കെ.എസ്.എസ്.എഫ്. മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്നത് അജ്ഞത മൂലമാണെന്ന് എസ്‌കെഎസ്എസ്എഫ് വാര്‍ത്താകുറിപ്പില്‍ വിമര്‍ശിച്ചു.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികള്‍ പുലര്‍ത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്റെ നിലപാടുകളും ഉദ്ബോധിപ്പിക്കുന്ന പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്.മന്ത്രി അബ്ദുറഹ്മാന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
മന്ത്രി അബ്ദുറഹ്മാന്‍ സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് മുന്നറിയിപ്പ് നല്‍കി. മതവിശ്വാസത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാര്‍ദ്ദവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്. വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട്, മാനവിക സമൂഹത്തില്‍ പരസ്പര മൈത്രിയും സൗഹൃദവും നിലനിര്‍ത്താന്‍ സാധ്യമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് പറയാന്‍ അബ്ദുള്‍ ഹമീദ് ഫൈസിക്ക് എന്തവകാശം എന്നാണ് മന്ത്രി അബ്ദുറഹ്മാന്‍ ചോദിച്ചത്. മതസൗഹാര്‍ദ്ദത്തിന് എതിര് നില്‍ക്കുന്നവരെ ജയിലില്‍ അടയ്‌ക്കണം. ന്യൂനപക്ഷ മന്ത്രി എന്ന നിലയില്‍ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതിനുമുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ഏതു വിഭാഗങ്ങള്‍ ഇങ്ങനെ ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: