പാലക്കാട്: ബിഎംഎസ് പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റും മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്കൂള്‍ മുന്‍ മാനേജരുമായ മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി. ഗംഗാധരന് (77) അന്തരിച്ചു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും മൂത്താന്തറ കെഎസ്ബി സ്കൂള്‍ പ്രധാനാധ്യാപകനും കര്‍ണകയമ്മന്‍ ഹൈസ്കൂള്‍ മാനേജരുമായിരുന്ന പരേതനായ കെ. ബാലന് മാസ്റ്ററുടെ മകനാണ്.
റെയില്‍വെയില്‍ പേഴ്സണല്‍ ബ്രാഞ്ചില്‍ ഹെഡ് ക്ലര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച ഗംഗാധരന് മൂന്ന് പതിറ്റാണ്ടിലധികം ബിഎംഎസിന്റെയും ഡിആര്കെഎസിന്റെയും ചുമതലകള്‍ വഹിച്ചിരുന്നു. റെയില്‍വെയില്‍ ബിഎംഎസ് യൂണിയന് ആരംഭിക്കുന്നതിന് രാ. വേണുഗോപാല്‍ ചുമതല ഏല്‍പ്പിച്ചത് ഇദ്ദേഹത്തെയായിരുന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലെയ്സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചു.
ദത്തോപന്ത് ഠേംഗ്ഡി, രാ വേണുഗോപാല്‍, എല്‍.കെ. അദ്വാനി, മദല്‍ലാല്‍ ഖുറാന, ടി.എന്‍. ഭരതന്, കെ. ഭാസ്കര്‍ റാവു, എ.വി. ഭാസ്കരന്, ആര്. ഹരി, പി. പരമേശ്വരന്, കെ.ജി. മാരാര്‍, പി.പി. മുകുന്ദന് തുടങ്ങിയവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഭഗവാന് കാലുമാറുന്നു എന്ന കെപിസിസി നാടകത്തിനെതിരെ പ്രക്ഷോഭം നടത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായിരുന്നു. റോട്ടറി ക്ലബിന്റെ വിവിധ ചുമതലകളും വഹിച്ചിരുന്നു. ഇദ്ദേഹം ഹൈസ്കൂള്‍ മാനേജരായിരിക്കെയാണ് 2017 ആഗസ്ത് 15ന് കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ സ്ഥാപക പ്രസിഡന്റാണ്. പാലക്കാട് റോട്ടറി ക്ലബിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന്റെ അമ്മാവന്റെ മകനാണ്.
ഭാര്യ: എ. സുഭദ്ര. മക്കള്‍: ദീപ, ദീപ്തി, പരേതയായ ദിവ്യ. മരുമക്കള്‍: ബാബു, രാജേഷ്. സഹോദരങ്ങള്‍: ബി. പ്രഭാകരന്, ബി. ദാമോദരന്‍, സുകുമാരി, സൗദാമിനി, ഇന്ദിര, ധനലക്ഷ്മി, സൂര്യകുമാരി. സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: