ഹൈദരാബാദ്(തെലങ്കാന): പാര്‍ലമെന്റ് പാസാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതത്തിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ അധിനിവേശ പാരമ്പര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോടൊപ്പം ശിക്ഷയേക്കാള്‍ നീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് പുതിയ നിയമങ്ങള്‍. ജസ്റ്റിസ് കോണ്ട മാധവ് റെഡ്ഡിയുടെ നൂറാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രത്യേക തപാല്‍ കവര്‍ പ്രകാശനം ചെയ്യുകയായിരുന്നു ധന്‍ഖര്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പുതിയ നിയമങ്ങള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് മുക്തമാക്കി ദണ്ഡനീതിയില്‍ ന്യായ വ്യവസ്ഥയിലേക്കുള്ള ഒരു മഹത്തും വിപ്ലവകരവുമായ മാറ്റത്തെയാണിത് അടയാളപ്പെടുത്തുന്നത്, ധന്‍ഖര്‍ പറഞ്ഞു.
ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നീ മൂന്ന് അവയവങ്ങളും പ്രശംസനീയമാംവിധം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്ക് ഉത്തേജനം നല്കുന്നു. നിയമവ്യവസ്ഥയില്‍ ഉറപ്പുള്ള മാറ്റമാണ് സംഭവിക്കുന്നത്. ഇത് മനുഷ്യരാശിയെ കൂടുതല്‍ നീതിബോധമുള്ള ജിവിതത്തിലേക്ക് നയിക്കും.
കഴിഞ്ഞ ദശകത്തില്‍, നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇ-കോടതികള്‍, നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് എന്നിവയിലൂടെ ഡിജിറ്റൈസേഷന് ഊന്നല്‍ നല്കി. കേസുകള്‍, വാണിജ്യ കോടതികള്‍ സ്ഥാപിക്കല്‍, ആര്ബിട്രേഷന് നിയമങ്ങളില്‍ ഭേദഗതികള്‍ എന്നിവ മാറ്റത്തിന്റെ ഭാഗമായി നിലവില്‍ വന്നു. വേഗത്തിലുള്ള തര്‍ക്കപരിഹാരം ലക്ഷ്യമിട്ട് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി പോലുള്ള സംരംഭങ്ങള്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കായി നിയമസഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. എല്ലാവര്ക്കും നീതി ഉറപ്പാക്കുന്നതിന് അതുപകരിച്ചു.
നിലവിലെ ചീഫ് ജസ്റ്റിസിന്റെ കീഴില്‍, സുപ്രീം കോടതി ജനങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ നീതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ നിരവധി നിര്‍ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പേപ്പര്‍ രഹിത കോടതി വ്യവഹാരങ്ങളിലേക്ക് വലിയ വേഗത്തിലാണ് രാജ്യം മുന്നേറുന്നത്. ധന്‍ഖര്‍ പറഞ്ഞു. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: