മാവേലിക്കര: വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു. വള്ളികുന്നം കടുവിനാല്‍ സ്വദേശിയായ വിശ്വരാല്‍ എന്നയാളെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. പ്രയാര്‍ കൂനം തറയില്‍ വീട്ടില്‍ വിഷ്ണു (23) പുതുപ്പള്ളി തയ്യില്‍ തറയില്‍ വീട്ടില്‍ അനുകൃഷ്ണന്‍ (22), കായംകുളം പെരിങ്ങാല അഖില്‍ ഭവനം വീട്ടില്‍ അഖില്‍ (25), ഓലകെട്ടിയമ്പലം കുളത്താഴത്ത് വീട്ടില്‍ ഹരികുമാര്‍ (25), ഭരണിക്കാവ് മഞ്ഞാടിത്തറ നൗഫിയ മന്‍സിലില്‍ ഫൈസല്‍ (25), കൃഷ്ണപുരം മരങ്ങാട്ടു വടക്കതില്‍ കെവിന് ഹരി (24) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രി 11.30 ന് കറ്റാനം ജങ്ഷന് വടക്കു വശമായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചാരുംമൂടുള്ള ബാറില്‍ മദ്യപിക്കുവാനായി വന്ന പ്രതികളും വിശ്വരാലും സുഹൃത്തുളുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കറ്റാനം ജങ്ഷനില്‍ ആഹാരം കഴിക്കുവാനായി വന്ന വിശ്വരാലിനേയും സുഹൃത്തുക്കളേയും പ്രതികളും കൂട്ടുകാരും കൂടി പിന്തുടര്ന്ന് വന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഭയന്ന് കറ്റാനം ജങ്ഷന് വടക്കു വശമുള്ള വീടിന് മുകളിലേക്ക് ഓടിക്കയറിയ വിശ്വരാലിനെ പിന്തുടര്ന്നെത്തിയ പ്രതികള്‍ വടി കൊണ്ട് അടിച്ചും തൊഴിച്ചും മുകളില്‍ നിന്നും താഴേക്ക് ഇടുകയായിരുന്നു. തലയ്ക്കും ശരീരത്തും ഗുരുതര പരക്കുകള്‍ പറ്റി അബോധാവസ്ഥയിലായ വിശ്വരാല്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ കൊല്ലം എന്‍എസ് സഹകരണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒളിവില്‍ പോയ പ്രതികളെ ബാഗ്ലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ രാഹുല്‍.ജി.നാഥിനെ കഴിഞ്ഞ ആഴ്ച കായംകുളം ഒന്നാം കുറ്റി ഭാഗത്തു നിന്നും കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: