ന്യൂദല്‍ഹി: രാഷ്ട്രത്തിന്റെ മഹത്വത്തിന് വേണ്ടി ജീവിക്കാനുള്ള ഉജ്ജ്വലമായ മാതൃകകളാണ് സിഖ് ഗുരുപരമ്പര ഭാരതീയ തലമുറകള്‍ക്ക് കൈമാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ വീര്‍ ബാല ദിവസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രജീവിതത്തിന്റെ മഹത്വത്തിനായി അവര്‍ ജീവിച്ചു. അതിന് വേണ്ടി ജീവന് ബലികഴിച്ചു. സ്വധര്മ്മത്തിന് വേണ്ടി ജീവിക്കാന്‍ തലമുറകള്‍ക്ക് കരുത്ത് പകര്‍ന്നു. നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരു ഗോവിന്ദസിങ്ങിന്റെ പ്രിയപ്പെട്ട മക്കള്‍ ഫതേസിങ്ങും ജൊരാവറും ജീവന് വെടിഞ്ഞത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ഭാരതത്തിന്റെ എക്കാലത്തെയും തലമുറ ഓര്‍ക്കുന്നതിന് വേണ്ടിയാണ് ആ ബലിദാനദിനം വീര്ബാലദിവസമായി ആചരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതീയതയെ എല്ലാവരിലും ഉറപ്പിക്കേണ്ടതിന്റെ ആവശ്യം ഈ ദിവസം മുന്നോട്ടുവയ്ക്കുന്നു. ആ ബലിദാനം ഭാരതത്തില്‍ മാത്രം ഓര്‍ക്കേണ്ടതല്ല, അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലാന്‍ഡുമടക്കമുള്ള ആഗോള രാജ്യങ്ങളും അത് ആചരിക്കണം.
ഈ നാടിന്റെ ചെറുപ്പം എന്താണ് സ്വപ്നം കാണുന്നതെന്ന് കേന്ദ്രസര്‍ക്കാരിനറിയാം. ഒരു സ്വപ്നവും പാഴാകില്ല. യുവാക്കള്‍ കാണുന്ന എല്ലാ നല്ല സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് ഒരു തരത്തിലുള്ള വിവേചനവുമുണ്ടാകില്ല. അവരേത് മതത്തില്‍ ജനിച്ചു, ഏത് സമ്പ്രദായം പിന്തുടരുന്നു, ഏത് ഭാഷ പിന്തുടരുന്നു എന്നതൊന്നും പ്രശ്നമല്ല, മോദി പറഞ്ഞു.
യുവാക്കള്‍ ധീരരാകണം. ശരീരം നന്നായി പരിപാലിക്കണം. കരുത്തുള്ളവരാകണം. ഏത് വെല്ലുവിളിയെയും നേര്‍ക്കുനേര്‍ നേരിടാനുള്ള കരളുറപ്പുള്ളവരാകണം. നിങ്ങള്‍ ഫിറ്റാണെങ്കില്‍ ജീവിതത്തിലും തൊഴിലിലുമെല്ലാം സൂപ്പര്‍ ഹിറ്റാകും എന്ന് ഉറപ്പാണ്. നല്ല ഭക്ഷണശീലത്തില്‍ കഴിയണം. ഡിജിറ്റല്‍ രംഗത്തെ ചതിക്കുഴികളില്‍ നിന്ന് മാറി നടക്കണം. മയക്കുമരുന്നുകളില്‍ നിന്ന് അകന്നു നില്‍ക്കണം, പ്രധാനമന്ത്രി പറഞ്ഞു. ആധ്യാത്മിക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ലഹരിക്കെതിരായ മുന്നേറ്റത്തിന് നേതൃത്വം നല്‍കണം, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: